“നാലു മണിക്കു ശേഷമുള്ള തൃശൂർ എൻജിനീരിങ്ങ് കോളേജ് ക്യാമ്പസിനെ പറ്റിയുള്ള ഒരു കവിത”. 

എത്രയോ മഹാരഥന്മാരെ വാർത്തെടുത്തൊരാ
ശ്രേഷ്ഠമാം കലാലയം പിരിയാൻ തുടങ്ങുമ്പോൾ,

മദ്ധ്യാഹ്ന ശേഷം നാലു മണിക്കൂർ കഴിഞ്ഞന്നു  
പാഠ വേദികൾക്കെല്ലാം തിരശ്ശീല വീഴുമ്പോൾ,

സമയം സായം കാലമടുത്തീടുമ്പോൾ സൂര്യ
രശ്മികൾ പോള്ളിക്കാതെ പതിയെ തലോടുമ്പോൾ,

പഠനം കഴിഞ്ഞു വിദ്യാർഥിനീ വിദ്യാർഥികൾ
ആ കലാലയത്തിനെ സ്നേഹിക്കാൻ തുടങ്ങുന്നു.

ഒരു ജീവിത കാലം മുഴുവൻ വസിക്കിലും
മതി വന്നീടാത്തത്ര രമ്യമാം സദനത്തിൽ

നാലു  വർഷങ്ങൾ മാത്രം വാടകക്കരാറിന്മേൽ
താമസിക്കുവാൻ ഭാഗ്യം ലഭിച്ച വിദ്യാർഥികൾ

നീങ്ങുവാൻ തയ്യാറായി നിൽക്കും ബസ്സുകൾ നോക്കി
ഒരല്പം നേരം കൂടിയെന്നൊട്ടു പറയുന്നു.

പരന്നു വിശാലമായ് കിടക്കും കലാലയ
ഹൃദയേ സ്ഥിതി ചെയ്യും തുറന്ന വേദി തൻ മുന്നിൽ

അലസം വീശും മന്ദ മാരുതൻ തന്നിൽ തട്ടി
വിലസിച്ചീടും കൊടിക്കൂറകൾക്കരികിലായ്

നിൽക്കുന്നൂ ചിലരവർ തങ്ങൾ വിശ്വസിക്കുന്ന
പ്രത്യയ ശാസ്ത്രങ്ങൾ തന്നടയാളങ്ങൾ നോക്കി.

അപ്പുറത്തൊരു ദിക്കിൽ മൈതാനമധ്യേ  ചില
വിദ്യാർഥികൾ ചേർന്നൊത്തു കളിച്ചു രസിക്കുന്നു.

ആയതും നോക്കിക്കൊണ്ടാ മൈതാനപ്പടവിന്മേൽ
ഏതാനും ചിലർ തമ്മിൽ സംസാരിച്ചിരിക്കുന്നു.

ഗുൽമോഹർ പൂക്കൾ വീണു ചിതറിക്കിടക്കുന്ന
ആ ഹർമ്യ പീഠങ്ങളിലൊട്ടവരിരിക്കുന്നു.

ഭാവിയിൽ ലഭിച്ചേക്കാമുദ്യോഗങ്ങളൊന്നിനും   
നൽകുവാൻ വയ്യാത്തത്ര ഹൃദ്യമായിരിപ്പിടം.

അങ്ങിങ്ങു വീശും കുളിർ തെന്നലന്നേരത്തേതാൻ
സ്നേഹ ഗാഥകൾ ചൊല്ലിയവരെ കേൾപ്പിക്കുന്നു.

അവരിൽ ചിലർ തങ്ങൾക്കരികിൽ വരും കാറ്റോ-
ടവർ തൻ പ്രണയത്തിൻ കഥകൾ പറയുന്നു.

നാളെയീ പടവുകൾ ചവിട്ടി കടന്നും കൊ-
ണ്ടേതു നാടുകൾ തേടിയവർ പോയെന്നാകിലും

വൈകുന്നേരങ്ങൾ തോറും വീശീടുമക്കാറ്റിന്റെ
മാധുര്യമോർത്താൽ മാത്രം മതിയേതസഹ്യമാം

ചുടുകാറ്റിലും ശൈത്യ മരവിപ്പിലുമവർ-
ക്കേകുവാൻ ഗൃഹാതുരതയെന്ന വികാരത്തെ.

എങ്കിലും കഷ്ടം ഹാ ഹാ ഏറെ നേരമില്ലവർ-
ക്കാവുന്നീലവിടിരുന്നാനന്ദിക്കുവാനായി.

പഠനത്തിനായേറെ  മണിക്കൂറുകൾ നീക്കി
വയ്ക്കുന്ന വിദ്യാർഥികൾക്കേതാനും നിമിഷങ്ങൾ

മാത്രമേ ലഭിക്കുന്നുള്ളീയസുലഭമായ
ഭൂലോക സ്വർഗത്തിത്തിങ്കലിരുന്നു രസിക്കുവാൻ

ഇരുട്ടും മുൻപേ സ്വന്തം വീടുകളണയുവാൻ
ധൃതിയാലവരെല്ലാമവിടെ നിന്നും പോകുന്നു.

സൂര്യ രശ്മികൾ മാഞ്ഞു ഗുൽമോഹർ മരങ്ങളിൽ
ചാന്ദ്ര രശ്മികൾ ചിത്രം വരയ്ക്കാൻ തുടങ്ങുമ്പോൾ

കാണുന്നീലവരെയൊരാളേയുമവർക്കായി
വീശുന്ന കാറ്റിൻ ശബ്ദമിങ്ങിനെ പറയുന്നു.

“വിദ്യാർഥികളേ വരൂ, ഒരിക്കലെങ്കിലും കാണൂ
നിശയിൽ കലാലയം അതു വേറെയോന്നല്ലോ”  

(വൃത്തം കേക)