അത്രനാളറിയാത്തൊരനുഭൂതിയെ തേടി
ഒരു യാത്ര ഞാൻ പോയി പുതിയ പാതയിലൂടെ

വഴിയിൽ എമ്പാടും പൂത്ത പൂവുകൾ കായ് വൃക്ഷങ്ങൾ
ചക്രവാളത്തിൽ ദൂരെ വിരിഞ്ഞ മാരി വില്ലുകൾ
മായക്കാഴ്ച്ചയല്ലെന്ന് കരുതി നടന്നു ഞാൻ
പൊള്ളുന്ന വെയിലിലെ തളർച്ചയറിയാതെ

ചുറ്റിലും നിൽക്കുന്നവർ ചിരിച്ചു; ചിലർ സ്നേഹ
ബുദ്ധിയാൽ ഈ യാത്രയെ നിർത്തുവാൻ അറിയിച്ചു.

എന്നിട്ടും മുന്നോട്ട് പോയ് ഞാൻ എന്റെ സ്വപ്നങ്ങളിൽ
എപ്പോഴോ കണ്ടിട്ടുള്ള സുഖത്തെ അറിയുവാൻ.

കിട്ടാതെയിരിക്കില്ലെന്നാശ്വസിച്ചപ്പോളും ഞാ-
നത്രേമേൽ മനോഹരമായിരുന്നാ സ്വപ്‌നങ്ങൾ.

ദൂരം ചെല്ലുംതോറുമാ മഴവില്ലുകൾ മാഞ്ഞു
കുയിൽ നാദം കേൾക്കാതായ്, മഴത്തുള്ളികൾ നിന്നു.
മധുരമായിരുന്നൊരാ കാറ്റിന്റെ ഗീതം പോലും
ചെവിക്ക് സഹിയാത്തോരലർച്ചയായി തോന്നി.

വഴികാട്ടികളെന്ന് വ്യർത്ഥമായ് കരുതിയ
മായക്കാഴ്ചകൾ തന്റെ യാഥാർത്ഥ്യം വെളിപ്പെട്ടു.
നേടുവാൻ കഴിയാത്ത സ്വപ്നത്തെ ഉപേക്ഷിക്കാൻ
സ്നേഹത്താൽ പറഞ്ഞൊരാ കൂട്ടുകാരെ ഞാൻ ഓർത്തു.

തിരികെ നടക്കുവാൻ കഴിയാത്തിടത്തെത്തി
യിനിയെന്തെന്നുള്ളതോർത്തൊരിടത്തിരുന്നു ഞാൻ.

മുന്നോട്ടേക്കിനി വയ്യ തിരിച്ച് നടക്കുവാൻ
കഴിഞ്ഞാലതു ഭാഗ്യമെന്നോർത്തിട്ടു ചുറ്റിലും
നോക്കുന്ന നേരാത്തതാ കൺ മുന്നിലായ് കാണുന്നു.-
എന്നെക്കാൾ തളർന്നൊരു വൃക്ഷത്തിൻ ചെറു വിത്ത്.

വെയിൽ കൊണ്ടതിന്റെയും മുഖം വാടി ഭൂമിയിൽ
മുളക്കാനതിന്റെയും മോഹം തീർന്ന പോൽ തോന്നി.
കുടിനീരല്പം നൽകി മണലാൽ പുതപ്പിച്ചു
തണൽ നൽകി ഞാൻ നിന്നു വിത്തിന്നിത്തിരി നേരം.

തണൽ കൊണ്ട വിത്തിനു നാമ്പുതിർന്നല്ലോ വന്നു.
ചെടിയായ് വളർന്നൊരു മരമായ്, അത് വേഗം.
വേരുകൾ താഴെ ചെന്ന് പാറകൾക്കിടയിലെ
അരുവിയൊന്നിനെ മേല്പോട്ടുയർത്തി മടിയാതെ.

ഇത്തിരി തണലിന് ഫല വൃക്ഷമോ തുല്യം!
ഇറ്റ്‌ വെള്ളത്തിനൊരു നിലയ്ക്കാത്തരുവിയോ?
മതിയാവോളം കണ്ടൂ, ഞാൻ ഉറക്കത്തിൽ പണ്ട്
കണ്ട സ്വപ്നത്തെക്കാളും സുന്ദരം കണ്ണിൻ മുന്നിൽ.

ആ മരത്തിൽ നിന്നും കായ്കൾ ആവോളം തിന്നപ്പോളും
ആ ധാരയിൽ നിന്നുമെൻ ദാഹം മാറ്റിയപ്പോളും
അരുവി തൻ ഓളപ്പാട്ടിൽ ലയിച്ചുറങ്ങിയപ്പോളും
പുലർ കാലത്തിൽ സൂര്യനുദിച്ചുയർന്നതിൻ ശേഷം
പ്രകൃതിയെ നോക്കി ഞാനീ കവിതയെഴുതുവാൻ
തുടങ്ങിയപ്പോളും പിന്നീടെഴുതി തീർത്തപ്പോളും

അറിഞ്ഞീടുന്നൂ ഞാനാ അനുഭൂതി മാത്രമേ.
അറിഞ്ഞീടുന്നൂ ഞാനാ അനുഭൂതി മാത്രമേ.