Realistic 

Realistic

സീൻ 1. പകൽ . Exterior   

ഒരു ഒരു ധനികനായ വ്യക്തിയുടെ വീടിന്റെ മുൻവശം. അയാൾ ഒരു സിനിമ നിർമ്മിക്കുവാൻ ആഗ്രഹിക്കുന്നു. നിർമ്മാതാവിനോട് കഥ പറയാൻ വന്നിരിക്കുന്ന യുവ സംവിധായകൻ, നായകൻ ആകുവാൻ കൊതിക്കുന്ന നടൻ, ഛായാഗ്രാഹകൻ, സംഗീത സംവിധായകൻ എന്നിവർ നിർമാതാവിനെ കാത്തിരിക്കുന്നു. ഇവർ എല്ലാവരും തന്നെ ചെറുപ്പക്കാരാണ്. ഒരു മുപ്പത് വയസ്സ് പ്രായം തോന്നിക്കും. ഷർട്ടും ജീൻസും വേഷം. ഇവർ ആരും തന്നെ അറിയപ്പെടുന്നവർ അല്ല. എല്ലാവരും സിനിമ മോഹവുമായി നടക്കുന്നവർ. സിനിമ ചെയ്യുന്നതിന് മുൻപ് ഒരു ഷോർട് ഫിലിം ചെയ്യാനാണ് പ്ലാൻ. ഹ്രസ്വ ചിത്രം വിജയിപ്പിച്ചിട്ട് വേണം ഒരു മുഴുവൻ സിനിമ ഉണ്ടാക്കുവാൻ. അതിനായി നിർമ്മാതാവിനെ കാണാൻ വന്നിരിക്കുന്നു. അനുകൂല തീരുമാനത്തിനായി അയാളുടെ വീടിനു പുറത്ത് കാത്തിരിക്കുന്നു. ഇവർക്കിടയിലേക്ക് ഒരു വ്യക്തി  ഓട്ടോയിൽ നിന്ന് ഇറങ്ങി ഗേറ്റ് തുറന്ന് നടന്ന് വരുന്നു. മുപ്പത് വയസ്സ് തന്നെ പ്രായം. ഷർട്ടും ജീൻസും വേഷം. ഇയാൾ നടന്റെ സൃഹൃത്തും ഹ്രസ്വചിത്രത്തിന്റെ തിരക്കഥാകൃത്തുമാണ്. ബാക്കി എല്ലാവരും തന്നെ സിനിമയുമായി ബന്ധപ്പെട്ട് പരിചയപ്പെട്ടവർ ആണ്. ഇന്ന് അവർ നല്ല സുഹൃത്തുക്കൾ ആയിരിക്കുന്നു. നടനുമായയുള്ള പരിചയം ആണ് മേൽ പറഞ്ഞയാളെ  ഈ പ്രോജക്ടിന്റെ ഭാഗാമാക്കിയിരിക്കുന്നതിന്റെ ഒരു കാരണം. മറ്റൊരു കാരണം  അവർക്ക് വേറെ ഒരാളെ കിട്ടിയില്ല എന്നതും.  

തിരക്കഥാകൃത്തിന് ഗേറ്റ് തുറന്ന് വീട്ടിലേക്ക്  ഒരല്പ ദൂരം നടക്കാനുണ്ട്. അയാൾ എത്തുന്നതിനിടക്ക് മറ്റുള്ളവർ സംസാരിക്കുന്നു.  

സംവിധായകൻ  പ്രധാന  നടനോട്:-  മച്ചാനെ,  നിന്റെ ഫ്രണ്ട് വരുന്നു. നിന്റെ ഒരാളുടെ വിശ്വാസത്തിലാ… ഇവന്റെ കഥ കൊള്ളില്ലെങ്കിൽ…..(ഒന്ന് നിർത്തിയതിനു ശേഷം, നിർമാതാവിനെ ഉദ്ദേശിച്ച്)  ഇനി ഒരാളെ തപ്പി പിടിക്കാൻ എളുപ്പം അല്ല.

ഛായാഗ്രാഹകൻ:-  എന്റെ കയ്യിൽ ഇനി വേറെ ഒരു ആളില്ല. ഇത് തന്നെ നടക്കും എന്ന്‌ വിചാരിച്ചതല്ല. ഇങ്ങേരു ആള് കിടിലൻ ആണ്. കഥ ഇഷ്ടായാൽ പുള്ളി ചെയ്യും. ഷോർട് ഫിലിം ആണെന്ന് നോക്കണ്ട. തീയറ്റർ ക്വാളിറ്റിയിൽ സാധനം നമുക്ക് ഉണ്ടാക്കാം.  (ഛായാഗ്രാഹകൻ ആണ് നിർമ്മാതാവിനെ കണ്ടെത്തിയിരിക്കുന്നത്. അയാളുടെ പരിചയത്തിൽ ഉള്ള ആരുടെയോ സുഹൃത്താണീ നിർമ്മാതാവ്. )   

സംഗീത സംവിധായകൻ :- നിങ്ങള് ടെൻഷൻ ആവല്ലേ. പ്രവീടെ (പ്രവീൺ- നായകന്റെ പേര്)  ഫ്രണ്ടല്ലേ മോശാവില്ല. 

നടൻ:- ചെക്കൻപണ്ടേ എഴുത്തുകാരനാ. അവന്റെ എഴുത്ത് വെച്ച് ഒരു പെണ്ണിനെ കോളേജിൽ വെച്ച് വളച്ച് എടുത്തിട്ട് ഒക്കെ ഉണ്ട്. 

സംവിധായകൻ  പ്രധാന  നടനോട്:- ഇതാണോ കഴിവ്? ഞാൻ കോളേജിൽ വെച്ച് ഒരുപാട് സംസാരിച്ച് വളച്ചിട്ട് ഉണ്ട്. ഇങ്ങിനെ ആണേൽ ഞാൻ എഴുതിയേനെ ലോ. 

നടൻ:-  എങ്കിൽ എഴുതാൻ പാടില്ലായിരുന്നോ? നീ  വേറെ ഒരാള്  പോലും  ഇല്ലാന്ന് പറഞ്ഞിട്ടാ ഞാൻ ഇവനെ ഇന്ന് പിടിച്ച് വലിച്ച് കൊണ്ട് വന്നെ. 

(സംവിധായകനും ഛായാഗ്രാഹകനും ദേഷ്യവും നിസ്സഹായതയും കലർന്ന് പരസ്പരം നോക്കുന്നു.) 

സംഗീത സംവിധായകൻ :- തർക്കിച്ചിട്ട് കാര്യം ഇല്ല. നമ്മൾ ടീം സെറ്റ് ചെയ്യുന്നതിന് മുൻപേ പ്രൊഡ്യൂസർ റെഡി ആയി. അത് ഭാഗ്യം ആയോ നിർഭാഗ്യം ആയോ എന്ന് ഇപ്പൊ അറിയാം. തിരക്കഥ എഴുതാൻ നമുക്ക് ആർക്കും അറിയില്ല. അപ്പൊ പിന്നെ ഈ വരുന്നവൻ എങ്കിൽ വരുന്നവൻ വന്ന്‌ എന്തേലും പറയട്ടെ. കഥ നന്നായാൽ മതി. (സംവിധായകന്റെ നേർക്ക് നോക്കി) സ്ക്രിപ്റ്റ് നിനക്ക് തിരുത്തി നേരെ ആക്കി കൂടെ?

സംവിധായകൻ ഇനി തർക്കിച്ചിട്ട് കാര്യം ഇല്ല എന്ന അർത്ഥത്തിൽ മൂളുന്നു:- ഉം.  

ഈ സമയം കൊണ്ട് തിരക്കഥാകൃത്ത് അവരുടെ അടുത്തേക്ക് എത്തുന്നു. ഇത്രയും സംഭാഷണത്തിൽ നിന്ന് തന്നെ തിരക്കഥാകൃത്തിന്റെ കഴിവിലുള്ള വിശ്വാസം അവർക്ക് നഷ്ടമായി എങ്കിലും  അത് പുറത്തു കാണിക്കാതെ അയാളെ സ്വാഗതം ചെയ്യുന്നു. 

തിരക്കഥാകൃത്ത് :- ഞാൻ വൈകിയോ?

സംവിധായകൻ:- ഏയ്. അപ്പോയ്ന്റ്മെന്റ് ടൈം ആവുന്നേ ഉള്ളു. ( ഈ പറഞ്ഞതിൽ നിന്ന് ഒരൽപം കൂടെ നേരത്തെ എത്തിയിരുന്നെങ്കിൽ കഥാ ചർച്ച നടത്താമായിരുന്നു എന്നുള്ള ധ്വനി ഉണ്ട്.)    

(നടൻ വിഷയം മാറ്റുവാനായി തിരക്കഥാകൃത്തിനോട് ചോദിക്കുന്നു):- എന്തൊക്കെ ഉണ്ട് ശ്രീരാജേ വിശേഷങ്ങൾ? 

തിരക്കഥാകൃത്ത്:- സുഖം. സംഭവം ഞാൻ എഴുതീട്ട് ഉണ്ട്. (ഇത്രയും പറഞ്ഞ് കയ്യിലിരിക്കുന്ന ബാഗ് തുറക്കാൻ ഭാവിക്കുന്നു) 

നടൻ:- നീ അതവിടെ വെക്ക്. സമയം ആയി. ആള് അകത്തു തന്നെ ഉണ്ട്. നമുക്ക് കാളിങ് ബെല്ലടിച്ചു നോക്കാം. ഉള്ളിൽ കേറി നേരിട്ട് പറയാം. (ഇത്രയും പറഞ്ഞ് അയാൾ സംവിധായകന്റെ നേരെ നോക്കുന്നു. അയാൾ അനുവാദം കൊടുക്കുന്നു. നടൻ ബെൽ അടിക്കുന്നു. ഇതിനിടക്ക് തിരക്കഥാകൃത്ത് ശ്രീരാജ് മറ്റുള്ളവരെ നോക്കി മന്ദഹസിക്കുന്നു. ഒരു പരിചയപ്പെടൽ പോലെ. അവരും അത് പോലെ തിരിച്ച് ചിരിക്കുന്നു.  അല്പസമയത്തെ കാത്തിരിപ്പിന് ശേഷം നിർമ്മാതാവ് വാതിൽ തുറക്കുന്നു. ഷർട്ടും മുണ്ടും വേഷം. ഒരു നാല്പത്തഞ്ചു  വയസ്സ് പ്രായം. ജാഡകൾ ഒന്നുമില്ല. കാര്യ ഗൗരവം മുഖത്ത് സ്ഫുരിക്കുന്നു.) 

സീൻ 2.  നിർമ്മാതാവിന്റെ വീടിന്റെ ഉൾവശം. ഇന്റീരിയർ. 

നിർമ്മാതാവ് എല്ലാവരോടുമായി :- വരൂ. ( ഇത്രയും പറഞ്ഞ് അവരെ തീൻ മേശയിലേക്ക് ആനയിക്കുന്നു. മേശ മേൽ ഒരു ഫ്ലാസ്കും കുറച്ച് ഗ്ലാസുകളും അല്ലാതെ വേറൊന്നും തന്നെ ഇല്ല. മീറ്റിങ് മുൻകൂട്ടി കണ്ട് എല്ലാം എടുത്ത് മാറ്റിയിരിക്കുന്നു. എല്ലാവരും ഒരു മീറ്റിംഗിനെന്ന പോലെ മേശക്ക് ചുറ്റും ഇരിക്കുന്നു. ആരും ഒന്നും മിണ്ടുന്നില്ല.  ) 

നിർമ്മാതാവ് വീണ്ടും  എല്ലാവരോടുമായി:- നമുക്ക് ഒരു ചായ കുടിച്ച് ചർച്ച ചെയ്യാം. (ഛായാഗ്രാഹകന്റെ മുഖത്ത് നോക്കി കൊണ്ട് )എന്താ അയൂബേ? 

ഛായാഗ്രാഹകൻ:- ചായ ഒന്നും വേണ്ട. 

നിർമ്മാതാവ്:- ഫോർമാലിറ്റി അല്ല. ചായ തീരുമ്പോളേക്കും ചർച്ച തീരണം. അതിന് വേണ്ടി ആണ്. നിങ്ങൾ ആരും ചായ കുടിക്കില്ലേ? 

ഛായാഗ്രാഹകൻ ബാക്കി ഉള്ളവരുടെ മുഖത്ത് നോക്കുന്നു. എല്ലാവരും അനുകൂല ഭാവത്തിൽ തലയാട്ടുന്നു. നിർമ്മാതാവ് എല്ലാവർക്കും ചായ ഒരു ഗ്ലാസിൽ പകർന്ന് നൽകുന്നു.  

നിർമ്മാതാവ്:- അപ്പൊ അയൂബേ എല്ലാവരേയും പരിചയപ്പെടുത്തി തരൂ. 

ഛായാഗ്രാഹകൻ (ഓരോരുത്തരെയും ചൂണ്ടി കാണിച്ച് കൊണ്ട്) :- ഇത് ജയദാസ്. നമ്മുടെ സംവിധായകൻ. ഇത് ഡാനി നമ്മുടെ മ്യൂസിക് ഡയറക്ടർ. ഇത് പ്രവീൺ നമ്മുടെ ഹീറോ. പിന്നെ ഇത്.. (തിരക്കഥാകൃത്തിന്റെ  മുഖത്ത് നോക്കുന്നു. അയാൾ സ്വയം ശ്രീരാജ് എന്ന് പറയുന്നു). ഇയാളെ ഇപ്പോൾ  പരിചയപ്പെട്ടതേ ഉള്ളു. പ്രവീണിന്റെ ഫ്രണ്ട് ആണ്. 

നിർമ്മാതാവ്:- എന്റെ പേര് നവാസ്. (ഒന്ന് നിർത്തിയതിന് ശേഷം)  അപ്പൊൾ തുടങ്ങാം? സംവിധായകൻ — ജയദാസ്–  അങ്ങിനെ അല്ലെ പേര്?  കഥ പറഞ്ഞോളൂ.   

സംവിധായകൻ പരുങ്ങി കൊണ്ട്:- കഥ ഞാനും കേട്ടിട്ടില്ല. ഇപ്പോൾ ആണ് ശ്രീരാജിനെ പരിചയപ്പെടുന്നത്.

നിർമ്മാതാവ്:- ഇത്തിരി സമയം ഞാനും തരേണ്ടതായിരുന്നു. ഫ്രാൻസിസ് പറഞ്ഞിരുന്നു സ്ക്രിപ്റ്റ് മാത്രം ഇല്ല. അയൂബിന്റെ കമ്പനിയിൽ ഒരു ഡയറക്ടർ, മ്യൂസിക് ഡയറക്ടർ ആൻഡ് ആക്ടർ ഉണ്ടെന്ന്. അത് സാരമില്ല. (തിരക്കഥാകൃത്തിനെ നോക്കികൊണ്ട്)  താങ്കൾ പറഞ്ഞോളൂ. ആദ്യം കഥ മുഴുവൻ ഒന്ന് ചുരുക്കി പറയൂ. (ഇത്രയും പറഞ്ഞ് കൊണ്ട് അയാൾ ചായ കുടിക്കുന്നു. അയാൾ ആംഗ്യം കാണിച്ചപ്പോൾ മറ്റുള്ളവരും ചായ കുടിക്കുന്നു. ഒരു കവിൾ ചായ കുടിച്ച ശേഷം തിരക്കഥാകൃത്ത് പറഞ്ഞ് തുടങ്ങുന്നു. 

തിരക്കഥാകൃത്ത്:- ഒരു ലവ് സ്റ്റോറി ആണ്. എന്റെ കോളേജ് ലൈഫിൽ സംഭവിച്ചത്. ഒരു ലൈൻ ഉണ്ടായിരുന്നു. ബ്രേക്ക് അപ്പ് ആയി. അതിന്റെ കാരണം രസം ആണ്. അതാ ഇപ്പൊ എഴുതിയിട്ട് ഉള്ളെ. (ഒന്ന് നിർത്തിയ ശേഷം) ഒട്ടും റിയലിസ്റ്റിക് അല്ലാത്ത ഒരു  ആളായിരുന്നു അവൾ. നല്ല കുട്ടിയായിരുന്നു. സ്വഭാവം ഒക്കെ കൊള്ളാം. പക്ഷേ അവൾടെ മണ്ടത്തരങ്ങൾക്കൊപ്പം കൂടാൻ എനിക്ക് വയ്യാണ്ടായപ്പോ നിർത്തി. നിർത്തീന്ന് വെച്ചാൽ അവൾ അല്ല. ഞാൻ തന്നെ നിർത്തി. തേപ്പ് എന്നൊക്കെ വേണേൽ വിളിക്കാം. ആണ് പെണ്ണിനെ തേക്കുന്ന കഥകളും കുറവല്ലേ. 

നിർമ്മാതാവ്:- പേർസണൽ ആയ കാര്യങ്ങൾ എഴുതിയാൽ ആ കുട്ടിക്ക് വിഷമം ആവില്ലേ? 

തിരക്കഥാകൃത്ത്:- അത് കുഴപ്പമില്ല. ഞാൻ പെർമിഷൻ വാങ്ങിയിട്ട് ഉണ്ട്. അവൾ എനിക്കായി എഴുതിയതെല്ലാം ഞെട്ടറ്റ് വീണു പോയ പൂക്കളെ പോലെ സുഗന്ധമില്ലാത്തവയായിക്കഴിഞ്ഞിരിക്കുന്നു എന്നാണ് ഇന്നലെ പറഞ്ഞെ. (നിർത്തിയ ശേഷം ഫോൺ എടുത്ത് വാട്സാപ്പ് എടുത്ത് നോക്കിയ ശേഷം വായിക്കുന്നു. എനിക്ക് സമ്മാനമായി സുഗന്ധമുള്ള ഒരു പുഷ്പം നീ സമ്മാനിക്കും എന്ന് ഞാൻ കരുതി. (Here slowly starts  a voice over from a male voice  to a female voice ). എനിക്ക് സമ്മാനമായി സുഗന്ധമുള്ള ഒരു പുഷ്പം നീ സമ്മാനിക്കും എന്ന് ഞാൻ കരുതി.  വസന്തകാലം വരുമ്പോൾ ആ പൂവിനു ചുറ്റും ഒരുപാട്  പൂക്കൾ വിരിയും എന്നും കരുതി. ഗ്രീഷ്മത്തിൽ ആ പൂവിന്റെ തണ്ടിൽ വേരുകൾ മുളക്കും എന്ന് മോഹിച്ചു. വർഷത്തിൽ ആ വേരുകൾ മണ്ണിലേക്കിറങ്ങിച്ചെല്ലും എന്ന് സ്വപ്നം കണ്ടു. ശരത്തിലും ഹേമന്തത്തിലും പൂക്കൾക്ക് ചുറ്റും ഇലകൾ വിരിയുന്നത് കാണാൻ ഞാൻ കാത്തിരുന്നു. ശിശിരത്തിൽ നീ തന്ന പുഷ്പം ഒരു ചെടിയായി മാറും എന്നോർത്തു. തൊട്ടടുത്ത  വസന്തത്തിൽ ഭൂമിയിൽ ഇന്നോളം വിരിഞ്ഞിട്ടുള്ളതിൽ വെച്ചേറ്റവും സൗരഭം വഹിക്കുന്ന പുഷ്പമായി നീ എനിക്ക് നൽകിയ പുഷ്പം മാറും എന്ന് പ്രത്യാശിച്ചു.  പക്ഷേ നീ യാഥാർഥ്യത്തിന്റെ ലോകത്തായിരുന്നു.  അതിനാൽ തന്നെ നീ തന്ന പൂവും  വൈകാതെ വാടി പോയി. വാടാത്ത പൂക്കൾ എന്റെ മോഹമാണ്. ഞാൻ അവയ്ക്കായി തപസ്സിരിക്കുന്നു. നമ്മൾ തമ്മിൽ കൈമാറിയതെല്ലാം നിന്റെ സ്വന്തമാണ്. അവയെല്ലാം നിന്റെ ഇഷ്ടം പോലെ ഉപയോഗിക്കാം. എന്റെ ഈ വാക്കുകൾ ഉൾപ്പെടെ. 

തിരക്കഥാകൃത്ത്:- എങ്ങിനെ ഉണ്ട്? ഞങ്ങളുടെ സ്റ്റോറി ഷോർട് ഫിലിം ആക്കിക്കോട്ടേ എന്ന് ചോദിച്ചതിന് ഇന്നലെ കിട്ടിയ റിപ്ലൈ ആണ്. 

(എല്ലാരുടെയും മുഖത്ത് ഒരു ചിരി കാണാം)

നടൻ:- എന്നിട്ട് നീ ഇതിന് എന്താ മറുപടി കൊടുത്തേ? 

തിരക്കഥാകൃത്ത്:- ഇതിന് ഒക്കെ എന്താ കൊടുക്കാ? hmm എന്ന് റിപ്ലൈ ചെയ്തു. 

സംവിധായകൻ:- ഇവൾക്ക് വല്ല വട്ടും ഉണ്ടോ?  

തിരക്കഥാകൃത്ത്:- ഇതൊക്കെ തന്നെ അവളുടെ വട്ട്. ഇമ്മാതിരി ഓരോന്ന് തിരിച്ച് പറയാൻ വയ്യാത്തത് കൊണ്ടാ ഞാൻ നിർത്തിയത്. 

നിർമ്മാതാവ്:- കഥ സിനിമ ആക്കുന്നതിൽ ആ കുട്ടിക്ക് എതിർപ്പില്ലെങ്കിൽ നോ പ്രോബ്ലം. ഫുൾ ആയി പറയൂ. തേപ്പ് നല്ല ഒരു തീം ആണ്. സ്കോപ്പ് ഉള്ളതാണ്. ഇത് പോലുള്ള പൈങ്കിളി ഡയലോഗ് ആണ് തേപ്പിനുള്ള റീസൺ എങ്കിൽ അതും ഒരു വെറൈറ്റി ആണ്. അല്ലെ? 

ഛായാഗ്രാഹകൻ:- തേപ്പ് സ്കോപ്പ് ഉള്ള ഐറ്റം തന്നെ ആണ്. സിനിമ ആണേൽ കൈയ്യടി ഉറപ്പാ. പക്ഷേ ഒരുമാതിരി തേപ്പ് ഒക്കെ വന്ന് കഴിഞ്ഞു. ആസിഡ് അറ്റാക്ക് വരെ വന്നു. 

നിർമ്മാതാവ്:- അതാണ് പ്രശനം. നമ്മൾ ഒരു ട്രെൻഡ് നേരത്തേ തിരിച്ചറിയണം. എന്നാലേ കാര്യം ഉള്ളു. ആസിഡ് അറ്റാക്ക് മുൻപ് വന്നിട്ടില്ലെങ്കിൽ നമുക്ക് അത് ഇൻക്ലൂഡ് ചെയ്യാമായിരുന്നു. ഡെഫനിറ്റ് ഹിറ്റ് ആയേനെ. 

സംവിധായകൻ (എല്ലാവരോടുമായി) :- നമുക്ക് വേറെ ഒരു വേർഷൻ ആയി കാണിച്ചാൽ മതി. പൈങ്കിളി ഡയലോഗ് പറയുന്നതിന്റെ  പേരിൽ ആണ് പെണ്ണിനെ തേക്കുന്നു. സീരിയലിലെ നായികയെ പോലുള്ള ഒരു പെൺകുട്ടി. പ്രാക്റ്റിൽ ആയ നായകൻ. അത് പോരെ?

നിർമ്മാതാവ് (തത്വത്തിൽ അംഗീകരിച്ച മട്ടിൽ) :- അത് മതി. എന്റെ കോൺസെപ്റ് ഞാൻ പറയാം. എനിക്ക് സിനിമ ചെയ്യണം. നിങ്ങളെ പോലെ തന്നെ നല്ല ഒരു ഷോർട്ഫിലിം ചെയ്തിട്ട് വേണം അത് മറ്റുള്ളവരെ കാണിച്ച് സിനിമക്ക് ഫിനാൻസ് നോക്കാൻ. അപ്പോൾ അധികം ചിലവ് വരാത്ത നല്ല ഒരു ഷോർട്ഫിലിം വേണം. നല്ല കൺസെപ്റ്റും വേണം. ഈ സബ്ജെക്ട് തരക്കേടില്ല. കഥ ഫുൾ പറയൂ. (ഒന്ന് നിർത്തിയ ശേഷം) വേറെ ഒരു കാര്യം കൂടി ഉണ്ട്. തേപ്പിനെ ഗ്ലോറിഫൈ ചെയ്യുമ്പോളും സൂക്ഷിക്കണം. സ്ത്രീ വിരുദ്ധത വരാൻ പാടില്ല. 

സംവിധായകൻ:- അത് സാറേ. സ്ത്രീ വിരുദ്ധതക്ക് നമ്മളും എതിര് തന്നെ ആണ്. സ്ത്രീവിരുദ്ധം ആവാതെ നോക്കാം. 

നിർമ്മാതാവ്:- ഉം.. ശ്രീരാജ് കഥ പറയൂ.  

തിരക്കഥാകൃത്ത്:- കഥ തുടങ്ങുന്നത് ഞങ്ങൾ പരിചയപ്പെടുന്നത് തൊട്ടാണ്. ധന്യ .. അതാണ് പേര്. അവൾ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു. ഞങ്ങൾ കോളേജിൽ പഠിക്കുമ്പോൾ. അത് ഞാൻ വായിക്കാം. ഭയങ്കര സാഹിത്യം ആയിരുന്നു. അന്ന് ഞാൻ ആരെ എങ്കിലും ഒന്ന് സെറ്റ് ആയാൽ മതി എന്ന കൺസെപ്റ്  ആണ്. ഒന്ന് ഇമ്പ്രെസ്സ് ചെയ്യിച്ചേക്കാം എന്ന് വിചാരിച്ച് ഇത്തിരി സാഹിത്യം അങ്ങോട്ടും കാച്ചി. അത് പിന്നെ പണി ആയി. 

നടൻ:- ഇവരുടെ ഫേസ്ബുക് ചാറ്റ് കോളേജിൽ ഹിറ്റ് ആയിരുന്നു. 

സംഗീത സംവിധായകൻ:- പേർസണൽ ചാറ്റ് നീ ഔട്ട് ആക്കിയോ. 

നടൻ:- ഇവൻ അല്ല. അവള് തന്നെ. വെല്യ പേർസണൽ മാറ്റേഴ്സ് ഒന്നും ഉണ്ടായിരുന്നില്ല. കുറെ വായിൽ കൊള്ളാത്ത  സാഹിത്യം. 

തിരക്കഥാകൃത്ത്:- എന്നോട് ചോദിച്ചിട്ടാ അവളത് വേറെ പോസ്റ്റ് ആക്കി ഇട്ടെ.  

നിർമ്മാതാവ്:- ഓക്കേ. ഓക്കേ. കഥ പെട്ടെന്ന് ഫിനിഷ് ചെയ്യൂ. 

സീൻ 3 . രാത്രി  Interior. നായികയുടെ വീട്. / നായകന്റെ വീട്. 

നായകനും നായികയും ഫോണിൽ മെസ്സേജുകൾ അയക്കുന്നു.   voice over to sreeraj. 

ഈ ചാറ്റിൽ കൂടെ ആണ് ഞങ്ങളുടെ ലവ് സ്റ്റോറി സ്റ്റാർട്ട് ചെയ്യുന്നത്. ഇന്നലെ  ഞാനൊരു ഫേസ്ബുക് പോസ്റ്റ് കണ്ടു. അത് ഇങ്ങിനെ ആയിരുന്നു. 

voice over to Dhanya. (Cut to flashback) 

നമ്മൾ പ്രേമിക്കാൻ പഠിക്കണം. ഒരു പക്ഷേ നിനക്ക് ചിരി വരും. ഒരു പെൺകുട്ടിയെ കാമുകിയായി കിട്ടേണ്ട താമസം പ്രേമം എന്താണെന്ന് ലോകത്തിന് കാണിച്ച് കൊടുക്കാം എന്ന് നീ പറയുമായിരിക്കും. പക്ഷേ ഞാൻ പറയുന്നു. സ്നേഹം എങ്ങിനെ ആസ്വദിക്കണം എന്ന് നീ പഠിക്കണം. നീ മാത്രമല്ല ഞാനും. അതിനായി നമുക്ക് പ്രേമത്തിന്റെ  ക്ലാസ് മുറികളിൽ പോകാം. അവിടെ ചെന്ന് സ്നേഹത്തെ കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ഇതിഹാസങ്ങൾ വായിക്കാം. സ്നേഹത്തിനു വേണ്ടി പണി കഴിപ്പിക്കപ്പെട്ടിട്ടുള്ള താജ് മഹലുകൾ കാണാം. പ്രണയ ഗാനങ്ങൾ കേൾക്കാം. പ്രണയ പരീക്ഷയിൽ നമുക്ക് ഒന്നാം സമ്മാനം വാങ്ങിക്കാം.   

voice over to sreeraj. 

ഇത്  ആളുടെ പേര് ധന്യ. എന്റെ കോളേജ് മൈയ്റ്റ്. പോസ്റ്റ് കണ്ടിട്ട് കൗതുകം തോന്നി. ഇവൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ  എന്നും  ആലോചിക്കാതെ ഇരുന്നില്ല. പേരിനു പോലും ഒരു ലൈൻ ഇല്ലാതിരുന്ന സമയം ആയിരുന്നു. പോസ്റ്റിനു താഴെ വന്ന കമന്റ്സ് വായിച്ച് നോക്കി. എല്ലാം അവളെ കളിയാക്കുന്ന തരത്തിൽ. അവൾക്ക് അതൊന്നും അത്ര ഇഷ്ടം ആയിട്ടില്ല എന്ന്  മനസ്സിലായി. രണ്ടും കല്പിച്ച് കുറെ നേരം ആലോചിച്ച് ട്രെൻഡ് ഒന്ന് മാറ്റി പിടിച്ച് ഞാനും ഒരു കമന്റ് ഇട്ടു. 

Cut to another flashback. Voice over continues 

പ്രേമിക്കാൻ ഞാൻ പഠിക്കാം. എന്നെ നീ പഠിപ്പിക്കുമെങ്കിൽ. പ്രേമിക്കാൻ മാത്രം പഠിപ്പിച്ചാൽ മതി. പ്രണയിനിയെ ഞാൻ കണ്ട് പിടിച്ച് കൊള്ളാം. കാല്പനികമായ പ്രേമം. എനിക്ക് അതാണ് വേണ്ടത്.  

ഇതെഴുതി ഞാൻ ആ കേസ് വിട്ടു.  അതിനുള്ള മറുപടി ആണ് ഈ  കാണുന്നത്. 

ധന്യ:- പ്രേമിക്കാൻ പഠിപ്പിക്കാൻ എനിക്കറിയില്ല. പഠിക്കാനാണ്  എനിക്കും ഇഷ്ടം. 

ശ്രീരാജ്:- നിന്നെ പോലെ ഒരു  പെൺകുട്ടിയെ പഠിപ്പിക്കാൻ ഒരുപാട് പേര് കാണും. 

ധന്യ:- ഏയ്. എനിക്ക് തോന്നുന്നില്ല. ഇത് വരെ ആരെയും കിട്ടിയില്ല. 

ശ്രീരാജ്:- ആരും ഇത് വരെ തന്നെ പ്രൊപ്പോസ് ചെയ്തിട്ട് ഇല്ലേ?

ധന്യ:- അത് കുറെ ഉണ്ട്. 

ശ്രീരാജ്:- എന്നിട്ട്? എല്ലാം ബ്രേക്ക് അപ്പ് ആയോ?

ധന്യ:- ബ്രേക്ക് അപ്പ് ആയി എന്ന് പറയാൻ പറ്റിയില്ല. കാരണം അവരുടെ കൂടെ ഒന്നും എനിക്ക് പ്രേമം പഠിക്കാൻ പറ്റിയില്ല. പ്രേമം കംബൈൻഡ് സ്റ്റഡി നടത്തേണ്ട വിഷയം ആണ്. ഇത് വരെ ആരുടെ കൂടെയും അത് തുടങ്ങാൻ പോലും പറ്റിയില്ല. 

ശ്രീരാജ്:- എന്റെ കൂടെ പറ്റുമോ?   

ധന്യ:- അതിന് ആദ്യം എൻട്രൻസ് പാസ് ആവണം. 

ശ്രീരാജ്:- എൻട്രൻസ് എന്ന് വെച്ചാൽ ഫ്രണ്ട്‌ഷിപ് ആണോ?

ധന്യ:- നീ പാസ് ആവാൻ ചാൻസ് ഉണ്ട്. 

ശ്രീരാജ്:- ( success emojis )

ധന്യ:- let’s be good friends. ഓക്കേ?

ശ്രീരാജ്:- ഓക്കേ.

ധന്യ:- goodnight   

ശ്രീരാജ്:- ഓക്കേ. ഗുഡ് നൈറ്റ്. 

സീൻ 2.  നിർമ്മാതാവിന്റെ വീടിന്റെ ഉൾവശം. ഇന്റീരിയർ. തുടർച്ച  

ശ്രീരാജ്:- ഫ്രണ്ട്ഷിപ്പിനെ പ്രേമം ആക്കി മാറ്റാൻ ഞാൻ ട്രൈ ചെയ്തു. കുറെ ചളി ഡയലോഗ് അടിച്ചു. ഒടുവിൽ ഞങ്ങൾ സെറ്റ് ആയി. അവൾ എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു. പക്ഷേ സത്യം പറഞ്ഞാൽ എനിക്ക് അപ്പോളേക്കും മടുത്തിട്ടുണ്ടായിരുന്നു. 

നടൻ:- ലവ് ആയപ്പൊളേക്കും മടുത്തോ?

ശ്രീരാജ്:-  പിന്നെ മടുക്കാതെ. എന്നും ഓരോ assignment തരും. ആ സിനിമ കാണ്. ഈ ബുക്ക് വായിക്ക്. ആ പാട്ട് കേക്ക്. പ്രേമിക്കാൻ പഠിക്ക്. ഒരു ഉമ്മ പോലും തരില്ല. (എല്ലാവരും ചിരിക്കുന്നു). ഒടുവിൽ ഒരു ദിവസം ഞങ്ങൾ മീറ്റ് ചെയ്തു.  

സീൻ 4 . പകൽ.  ഒരു  കോളേജ് ലൈബ്രറി. Interior 

ശ്രീരാജ്:- എന്തിനാ ഇവിടെ കാണാം എന്ന് പറഞ്ഞത്. 

ധന്യ:- നിശബ്ദത ആസ്വദിക്കാൻ. 

ശ്രീരാജ്:- എന്താ?

ധന്യ (ചിരിച്ചു കൊണ്ട്):-  ഇവിടെ സൈലെൻസ് എന്ന് എഴുതി വെച്ചിട്ടുള്ളത് കണ്ടില്ലേ?

ശ്രീരാജ്:- എന്നാ വാ. പുറത്ത് പോവാം. എനിക്ക് ലൈബ്രറി ഇഷ്ട്ടല്ല. ആദ്യായിട്ട ലൈബ്രറിയിൽ ഇരിക്കണെ.

ധന്യ:- പതുക്കെ പറ. ഞാനും ആദ്യമായിട്ടാ. ഇപ്പോളാണ് ആദ്യമായി ഇങ്ങോട്ട് വരാൻ തോന്നിയെ. 

ശ്രീരാജ്:- ഇവിടെ എന്താ? കുറെ പൊടി പിടിച്ച ബുക്ക്സ് അല്ലെ ഉള്ളൂ. 

ധന്യ:- അല്ല സൈലെൻസ് കൂടെ ഉണ്ട്. 

ശ്രീരാജ്:- ഏ?

ധന്യ:- ഞാൻ ഒരു കാര്യം ചോദിക്കട്ടെ ?

ശ്രീരാജ്:- ചോദിക്ക്. 

ധന്യ:- നീ സിനിമ കാണാറില്ലേ. 

ശ്രീരാജ് (ഒരൽപം അസ്വസ്ഥനായി കൊണ്ട്):- ഉവ്വ്. 

ധന്യ:- സിനിമകളിൽ ലവ് ലെറ്റേഴ്സ് കൊടുക്കുന്നത് കണ്ടിട്ട് ഇല്ലേ? 

ശ്രീരാജ്:- ആ. 

ധന്യ:- ലൈബ്രറിയിൽ വെച്ചിട്ടല്ലേ ലെറ്റേഴ്സ് കൊടുക്കാറ്?

ശ്രീരാജ്:- ചിലപ്പോ ഒക്കെ. 

ധന്യ:- അത് എന്ത് കൊണ്ടാണെന്ന് അറിയോ?

ശ്രീരാജ്:- ഇല്ല. 

ധന്യ:- പറഞ്ഞ് തരാം. ഈ പ്രേമം ഉണ്ടല്ലോ. അത് എഴുതപ്പെടാനുള്ളതാണ്. കടലാസിൽ എഴുതി വെക്കണം. എന്നിട്ട് ഇഷ്ടപ്പെടുന്നയാളുടെ കയ്യിൽ കൊടുക്കണം. അയാൾ മടക്കി വെച്ച കടലാസ്  തുറക്കണം. പതിയെ വായിക്കണം. എന്തിനാണന്നറിയോ? പ്രേമം പതിയെ വേണം  ഒരാളുടെ ഉള്ളിൽ ചെല്ലാൻ. പുറത്ത് വരേണ്ടതും അങ്ങിനെ തന്നെ. 

ശ്രീരാജ്:- അടിപൊളി. 

ധന്യ:- ഇഷ്ടം ആയില്ലേ?

ശ്രീരാജ്:- മനുഷ്യന്മാർ സംസാരിക്കുന്നത് പോലെ എന്തേലും പറയുമോ?

ധന്യ:- നമ്മൾ മനുഷ്യന്മാരല്ല. പ്രേമിക്കുന്നവരാരും തന്നെ മനുഷ്യന്മാരല്ല. മനുഷ്യരുടെ മനസ്സാണോ കാമുകന്മാർക്ക്? എനിക്ക് അല്ല. എനിക്ക് ഇപ്പോൾ ആരോടും അസൂയ  തോന്നുന്നില്ല. ആരോടും പക തീർക്കാൻ ഇല്ല. ഒന്നും പിടിച്ചടക്കാനോ നശിപ്പിച്ച് കളയാനോ ഇല്ല. ഈ നിമിഷത്തിൽ ഞാൻ എല്ലാം തികഞ്ഞവളാണ്. നീ സുന്ദരിയാണെന്ന് പറഞ്ഞാൽ ഞാനാണ് ലോകത്തിലെ ഏറ്റവും സുന്ദരി. സത്യം പറ. മനുഷ്യന്മാർ ഇങ്ങിനെ ആണോ? ഈ ലൈബ്രറിയിൽ നിന്ന് ഇറങ്ങി കഴിഞ്ഞാൽ; നീ പോയി കഴിഞ്ഞാൽ; ഞാനും മനുഷ്യനാവും. ഞാൻ സുന്ദരിയാണെന്ന് ആര് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. നിന്നെ വീണ്ടും കാണുന്നത് വരെ അസൂയ എന്നിൽ നിറഞ്ഞിരിക്കും. ഒന്ന് കൂടെ നീ സത്യം പറ. ആരെങ്കിലും പ്രേമിക്കുന്നത് കാണുമ്പോൾ നിനക്കും അസൂയ തോന്നാറില്ലേ?   

ശ്രീരാജ് (തീർത്തും മടുത്തു കൊണ്ട്) :- നമുക്ക് ക്യാന്റീനിൽ പോവാം? ലൈബ്രറി എനിക്ക് അലർജി ആണ്. 

 ധന്യ (വിഷമത്തോട് കൂടി):- ക്യാന്റീനിൽ ആകെ  ഒച്ച  ആയിരിക്കും. അവിടെ പ്രേമിക്കാൻ പറ്റില്ല. ഫ്രണ്ട്ഷിപ് നു നല്ലതാ. വാ പോവാം.   

രണ്ട് പേരും എഴുന്നേറ്റ് പോകുന്നു. 

സീൻ 2.  നിർമ്മാതാവിന്റെ വീടിന്റെ ഉൾവശം. ഇന്റീരിയർ. തുടർച്ച

ശ്രീരാജ്:- അതോടു കൂടി എനിക്ക് മതിയായി. പിന്നെ ഞാൻ നേരെ ചൊവ്വേ കാര്യങ്ങൾ പറയാൻ തുടങ്ങി. ആദ്യം ഒക്കെ അവൾ എന്നെ കുറെ നിർബന്ധിച്ചു. പക്ഷെ ഞാൻ ചാറ്റിലും കോളിലും സാഹിത്യം പറച്ചിൽ അവസാനിപ്പിച്ചു. ഒടുക്കം അവൾക്കും മടുത്തു എന്ന സ്റ്റേജ് ആയി. ബ്രേക്ക് അപ്പ് ആവും എന്ന് ഉറപ്പായി. അത് നേരിട്ട് പറയാൻ ഒന്ന് കൂടെ മീറ്റ് ചെയ്തു. 

സീൻ 5 . പകൽ Exterior ഒരു ഒരു കോളേജ് ക്യാമ്പസ്. അവിടുത്തെ കളിസ്ഥലത്തോട് ചേർന്ന് നിൽക്കുന്ന മരത്തണൽ. 

ശ്രീരാജ്:- എന്നെ കൊണ്ട് ഇതിനി വയ്യ. ഞാൻ നിർത്താണ്.   

ധന്യ:-  ശെരി. നിർത്തിക്കോളൂ.  നിന്നെ കൊണ്ട് ഇത് പറ്റില്ല എന്ന് എനിക്കും തോന്നിയിട്ട് കുറച്ചായി. 

ശ്രീരാജ്:- പ്രേമം വല്ലതും പഠിച്ചോ? 

ധന്യ:-  പഠിക്കാൻ പറ്റില്ല എന്ന് പഠിച്ചു. 

ശ്രീരാജ്:- എന്നാലെങ്കിലും നന്നായിക്കൂടെ 

ധന്യ:- ഈ കോഴ്സ് പാസ് ആവണം എന്ന് എനിക്ക് നിർബന്ധം ഒന്നുമില്ല. 

തിരക്കഥാകൃത്ത്:- നീ ഏതേലും മെഗാ സീരിയലിലെ നായകനെ നോക്കുന്നതാണ് നല്ലത്. 

ധന്യ:- എനിക്ക് മെഗാ സീരിയലിലെ നായകനേം വേണ്ട സിനിമാ നായകനേം വേണ്ട. 

ശ്രീരാജ്:- ഇപ്പൊ നിനക്ക് മര്യാദക്ക് സംസാരിക്കാൻ പറ്റുന്നുണ്ടല്ലോ. അവിഞ്ഞ സാഹിത്യം ഇല്ലാതെ. 

ധന്യ:- (ഒന്നും മിണ്ടുന്നില്ല. )

ശ്രീരാജ്:- ഇത് പോലെ മനുഷ്യന്മാരെ പോലെ സംസാരിക്കാൻ ആണെങ്കിൽ ഓക്കേ. അല്ലെങ്കിൽ നീ നാടക ഡയലോഗ് പറഞ്ഞ് ഇരുന്നോ. 

ധന്യ:- (ഒന്നും മിണ്ടുന്നില്ല. )

ശ്രീരാജ്:- എന്തേലും ഒന്ന് പറ. ഇപ്പൊ സാഹിത്യം കമ്പ്ലീറ്റ് തീർന്നോ?

ധന്യ:- ആരോടെങ്കിലും ഇഷ്ടം തോന്നുമ്പോൾ മാത്രേ സാഹിത്യം വരുള്ളൂ. 

ശ്രീരാജ്:- പ്രാക്റ്റിൽ ആവണം. ഇഷ്ടം തോന്നിയാൽ വായിൽ കൊള്ളാത്ത രീതിയിൽ അല്ല അത് എക്സ്പ്രസ്സ് ചെയ്യണ്ടത്. 

ധന്യ:- ഞാൻ എപ്പോളും അങ്ങിനെ ആണോ? 

ശ്രീരാജ്:- (ഒന്നും മിണ്ടുന്നില്ല. )

ധന്യ:- പറ ഞാൻ എപ്പോളും സീരിയൽ ഡയലോഗ് ആണോ?

ശ്രീരാജ്:- കൂടുതലും അങ്ങിനെ ആണ്.  

ധന്യ:- നീ ഒരിക്കലും അങ്ങിനെ അല്ല. 

ശ്രീരാജ്:- ആവാൻ പാടില്ല. കഥയും കവിതയും എഴുതീട്ട് അല്ല ചാറ്റ് ചെയ്യണ്ടത്. 

ധന്യ: ഒരിക്കലും? 

ശ്രീരാജ്:- ഒരിക്കലും. സീരിയലിലിലും സിനിമയിലും ഒക്കെ നടക്കും. ജീവിതത്തിൽ നടക്കില്ല. ഒരിക്കലും നടക്കില്ല. 

ധന്യ:- ശെരി. ഞാൻ എക്സെപ്ഷൻ ആവും. പിന്നെ നീ എന്തിനാ പണ്ട് അങ്ങിനെ ചെയ്തേ. 

ശ്രീരാജ്:-  നിന്നെ വീഴ്ത്താൻ വേണ്ടി ചെയ്തതാ.

ധന്യ:- ഇനി ചെയ്യണ്ട. (ഇത്രയും പറഞ്ഞ് എഴുന്നേറ്റ് പോകുന്നു).

ശ്രീരാജ്:- നിക്ക്.. ഒരു കാര്യം ചോദിക്കട്ടെ. ഇതിപ്പോ ആര് ആരെയാ തേച്ചേ?

ധന്യ(ദേഷ്യത്തോടെ):- ഞാൻ നിന്നെ തേച്ചു. പോരെ? (ഇത്രയും പറഞ്ഞ് എഴുന്നേറ്റ് പോകുന്നു. cut to നിർമ്മാതാവിന്റെ വീടിന്റെ ഉൾവശം)  

സീൻ 2.  നിർമ്മാതാവിന്റെ വീടിന്റെ ഉൾവശം. ഇന്റീരിയർ. തുടർച്ച 

ശ്രീരാജ്- ഇതാണ് കഥ. 

നിർമ്മാതാവ്:- കഥ കൊള്ളാം. നമുക്ക് ഇത് ചെയ്യാം. എനിക്ക് ഒരു ഡൗട്ടേ ഉള്ളൂ. ഇത്രയും സാഹിത്യം ഒക്കെ ഒരു ഷോർട്ഫിലിമിൽ വന്നാൽ ആൾക്കാർക്ക് ഇഷ്ടം ആവുമോ? നമ്മൾ കൊടുക്കാൻ ഉദ്ദേശിക്കുന്ന മെസ്സേജ് ജീവിതം റിയലിസ്റ്റിക് ആവണം എന്നാണ്. പക്ഷേ അതിന്റെ ഓപ്പോസിറ്റ് റിസൾട്ട് ഉണ്ടാവുമോ? 

സംവിധായകൻ:- അത് കുഴപ്പം ഇല്ല സർ. നമുക്ക് കമ്പ്ലീറ്റ് ആയി ഷൂട്ട് ചെയ്യാം. ഫീമെയിൽ വോയിസ് കുറെ കട്ട് ചെയ്യാം. മാക്സിമം പത്ത് മിനിറ്റ് അല്ലേ സർ പറഞ്ഞത്. അതിലേക്ക് ചുരുക്കാം. 5 to 10 മിനിറ്റ്. അതിന് ഇത് മതി. 

നിർമ്മാതാവ്:- ഷോർട് ഫിലിം ഓക്കേ. (ഒന്ന് നിർത്തിയ ശേഷം)  പക്ഷെ താങ്കളുടെ ലൈഫോ? ബ്രേക്ക് അപ്പ് ആവാതെ ഇരിക്കുന്നതല്ലേ നല്ലത്. നല്ല കുട്ടി ആണെന്നല്ലേ പറഞ്ഞെ? 

ശ്രീരാജ്:- കുട്ടി ഒക്കെ നല്ലതാണ് സാറേ. പക്ഷെ ഇത് പറ്റില്ല. ലൈഫ് മാത്രമല്ല സിനിമ കൂടി ഹാപ്പി എൻഡിങ് ആക്കണം എന്ന് ഉണ്ട്. എനിക്ക് നല്ല വിഷമം ഉണ്ട്. ഇപ്പളും ഇവളോട് ഇഷ്ടം ഉണ്ട്. ഷോർട് ഫിലിം ചെയ്യാൻ നമ്മുടെ സ്റ്റോറി ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ പറ്റില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇതൊന്നും ആരോടും പറയില്ല. അവളോട് എനിക്ക് ഇഷ്ടം കൂടിയേനെ. പക്ഷേ അവൾക്ക് അത് പ്രശനം അല്ല. എനിക്ക് സത്യത്തിൽ വെല്യ ഇഷ്ടം ഉണ്ടായിട്ട് അല്ല ഇത് സിനിമ ആക്കാൻ. അവൾക്ക് വേണ്ടെങ്കിൽ പിന്നെ എനിക്ക് എന്തിനാ? 

സംവിധായകൻ:- ഒന്ന് കൂടി സംസാരിച്ച് നോക്കെടോ. ഷോർട് ഫിലിം ഹാപ്പി എൻഡിങ് ആവുന്നതാ സംവിധായകൻ എന്ന നിലയിൽ എനിക്ക് ഇഷ്ടം. 

ശ്രീരാജ്:- അത് വേണമെങ്കിൽ ആക്കാം. 

നിർമ്മാതാവ്:- അങ്ങിനെ വേണ്ട. ഇപ്പൊ ഉള്ള പോലെ തന്നെ മതി. ലൈഫ് ഹാപ്പി ആക്കാൻ നോക്ക്. 

ശ്രീരാജ്:-  ഞാൻ ഒന്ന് കൂടെ വിളിച്ച് നോക്കാം. വിളിക്കാൻ പറ്റാത്ത അത്ര വഴക്കൊന്നും ഇല്ല. വിളിച്ച് നോക്കാം. അവൾ വീണ്ടും പഴേ പോലെ ഓരോന്ന് പറയും. എനിക്ക് അത് പോലെ പറ്റില്ല. 

നടൻ:- സാരല്ല. നിങ്ങളുടെ ലൈഫ് അല്ലെ. ഒന്നൂടെ ട്രൈ ചെയ്ത് നോക്ക്. 

ശ്രീരാജ്:- ഓക്കേ നോക്കാം. 

നിർമ്മാതാവ്:- അപ്പൊ ശെരി. ക്രൂ ഒക്കെ സെറ്റ് ആണോ? നായിക ഒക്കെ ഉണ്ടോ?      

സംവിധായകൻ:- എല്ലാം ഓക്കേ ആണ് സാറേ. സ്ക്രിപ്റ്റ് മാത്രേ ഇല്ലാത്തത് ഉണ്ടായുള്ളൂ. ഇനി എല്ലാം സെറ്റ് ആണ്. 

നിർമ്മാതാവ്:- എന്നാൽ ശെരി. ഷൂട്ട് നമുക്ക് മറ്റെന്നാൾ തൊട്ട് തുടങ്ങാം. പറ്റില്ലേ?

സംവിധായകൻ:- ഷുവർ സർ. അതിന് മുൻപ് ലൊക്കേഷൻ പെർമിഷൻ കിട്ടണം. MNS  കോളേജ് മതി. നാളെ റെഡി ആക്കാം. (തൻ പറയുന്നത് ശെരി അല്ലേ എന്ന അർത്ഥത്തിൽ എല്ലാരേയും നോക്കി  കൊണ്ട്). വേറെ ഒന്നും പ്രിപ്പയർ ചെയ്യാൻ ഇല്ല.   (മറ്റുള്ളവർ അയാൾ പറഞ്ഞത് ശെരി ആണ് എന്ന അർത്ഥത്തിൽ തല കുലുക്കുന്നു. )

നിർമ്മാതാവ് (എഴുന്നേറ്റ് കൊണ്ട്) : എന്നാൽ ശെരി. മറ്റെന്നാൾ  MNS കോളേജിൽ കാണാം. 

എല്ലാരും സന്തോഷത്തോടു കൂടി എഴുന്നേൽക്കുന്നു. 

പോകുന്ന വഴിക്ക് ബസിൽ ഇരുന്ന് ശ്രീരാജ് ധന്യക്ക് മെസ്സേജ് അയക്കുന്നു. അവരുടെ വോയിസ് ബാക്ക്ഗ്രൗണ്ടിൽ കേൾക്കാം. 

ശ്രീരാജ് (ദേഷ്യവും ഗൗരവവും കലർന്ന്):- ഞാൻ ലാസ്‌റ് ആയിട്ട് ഒന്നൂടെ ചോദിക്കാ. എന്താ നിന്റെ തീരുമാനം? ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. നിന്നെ ഉപദ്രവിച്ചിട്ട് ഇല്ല. ഒരു ചീത്ത പോലും പറഞ്ഞിട്ടില്ല. വേറെ ആരേം പ്രേമിച്ചിട്ടും ഇല്ല. നിന്നെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ട്. എന്താ വേണ്ടേ? 

ധന്യ:- Hmm. നിന്റെ ഇഷ്ടം. 

ശ്രീരാജ് :- വെല്യ ത്യാഗം ഒന്നും വേണ്ട. ശെരിക്കും ഇഷ്ടം ഉണ്ടെങ്കിൽ മതി. കൂടുതൽ പ്രേമം പഠിക്കാൻ ഒന്നും പറ്റില്ല. ഈ കണ്ടിഷനിൽ ഇഷ്ടപ്പെടാൻ പറ്റുമെങ്കിൽ മതി. 

ധന്യ(ദുഖത്തോടെ):- എനിക്കും ഇനി പ്രേമിക്കാൻ പഠിക്കേണ്ട. ജീവിച്ചാൽ മാത്രം മതി. ഇനി ഞാൻ സാഹിത്യം പറയില്ല. ഐ ലവ് യു.