ജീവിതം ഒരു യാത്രയാണ് . നിലക്കാത്ത യാത്ര.  കാലുകളുടെ നിലക്കാത്ത ചലനങ്ങൾ. എവിടെ ആയിരുന്നു നിങ്ങൾ? ഇപ്പോൾ എവിടെ? ഇനി എങ്ങോട്ട്?  കാലുകൾ നിലക്കാതെ ചലിക്കുന്നു. സന്തുഷ്ടമായ ദിനങ്ങളിലൂടെയും അസന്തുഷ്ടമായ ദിനങ്ങളിലൂടെയും. അനന്തമായ യാത്ര.

എന്തിനാണ് നാം ഇങ്ങിനെ ചലിച്ച് കൊണ്ടിരിക്കുന്നത്? ക്ലേശകരമായ യാത്ര അനിവാര്യമാണോ? ഭാവിയിലേക്ക് നിങ്ങൾ പോയേ പറ്റൂ. അല്ലേ? ഇനി അഥവാ പോയില്ലെങ്കിലോ. ഇന്നത്തെ ദുഃഖങ്ങൾ ശേഷം വരുന്ന സുഖങ്ങൾ നിങ്ങൾ അറിയാതെ വരും. ആ സുഖങ്ങൾ അറിഞ്ഞേ പറ്റൂ. അതിനാൽ യാത്ര തുടരുക!

നമ്മൾ രണ്ട് പേരും എത്രയോ ദൂരം നടന്നിരിക്കുന്നു. എന്തൊക്കെ  അനുഭവിച്ചിരുന്നു. ഈ നിമിഷത്തിൽ പോലും അനുഭവിക്കുന്നു. അവയെല്ലാം സുഖമോ ദുഃഖമോ? ഒരല്പ നേരം യാത്ര നിർത്തി വെച്ച് ചിന്തിക്കാമോ?   പറ്റില്ല അല്ലേ?  വേഗം നടക്കുക. പിന്നിൽ നോക്കരുത്. നിങ്ങൾ ഭാവിയെ സ്വപ്നം കാണുന്നു. നാളത്തെ ദിവസം നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തെ സാക്ഷാത്ക്കരിച്ചേക്കാം.  നിങ്ങൾ സ്വപ്നം കാണുന്ന പ്രതിഭാശാലി ആണ്. അപരിചിതമായ വഴികളിലൂടെ നടക്കാൻ ധൈര്യം ഉള്ള ആളാണ്. അടി പതറാതെ മുന്നോട്ട്!

നിങ്ങൾ നടന്ന് കൊള്ളൂ. കൂടെ ഇത്തിരി ദൂരം ഞാനും വരാം. നമുക്ക് സംസാരിച്ച് കൊണ്ട് നടക്കാം. നിങ്ങൾക്കൊപ്പം എത്താൻ ഞാൻ നന്നേ ക്ലേശിക്കേണ്ടി വരും. നമ്മൾ ഒരുമിച്ച് നടക്കുമ്പോൾ ഇത് സ്വാഭാവികം മാത്രം. അത് മാത്രം അല്ല. ഈ വഴി മുഴുവൻ ഞാൻ തിരിച്ചും നടക്കേണ്ടി വരും. എനിക്ക് ഇതേ സ്ഥലത്തു തിരികേ എത്തണം. എന്നാലും സാരമില്ല. ഞാനും പണ്ട് പല വഴികളിലൂടെ കുറെ നടന്നതാണ്. എപ്പോളോ ഇവിടെ എത്തി. ഈ സ്ഥലം എനിക്ക് ഇഷ്ടമായി. ഇവിടെ താമസം തുടങ്ങി. എന്നാൽ നിങ്ങൾ ഇവിടെ ആദ്യമാണ് അല്ലേ?യാത്രയിൽ എത്തിപ്പെട്ട് പോയ ഒരിടം. എന്തായാലും കണ്ടതിൽ സന്തോഷം. ഇത്തിരി ദൂരം ഒരു മിച്ച് നടക്കാം. എന്റെ സംസാരം ഒരു ശല്യം ആവുന്നുണ്ടോ? ഇല്ല എന്ന് ഊഹിക്കുന്നു. ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ ഇതിനു മുൻപേ അത് പറഞ്ഞേനെ.

നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്? ഒരു ലക്ഷ്യത്തിലേക്ക് തന്നെ എന്ന് ഊഹിക്കാം.  നിങ്ങളുടെ  ശോഭനമായ ഭാവിയിലേക്കായിരിക്കണമല്ലോ ഇത്ര തിടുക്കത്തിൽ നടക്കുന്നത്. നിങ്ങളുടെ ഈ തിടുക്കം കാണുന്നത് കൊണ്ട് ഒന്ന് ചോദിച്ചോട്ടെ? എന്തിനാണ് ഇത്ര ധൃതി? നിങ്ങൾ ഭാവിയെ സ്വപ്നം കാണുന്നത് നല്ലത് തന്നെ? എന്നാലും ഈ തിടുക്കം കണ്ടത് കൊണ്ട് അറിയാതെ ചോദിച്ച് പോകുന്നതാണ്. നിങ്ങൾ പിന്നിട്ട വഴികൾ അത്ര മോശം ആയിരുന്നോ? അതോ ഇനി ചെല്ലാൻ ഇരിക്കുന്ന ഇടം അത്ര മോഹനം ആണോ? ഏതായാലും ഒന്ന് ഞാൻ പറയാം. നിങ്ങൾ ഇപ്പോൾ കാണുന്ന ഈ സ്ഥലം ഉണ്ടല്ലോ. ഈ വഴികൾ. ഇത് അത്ര മോശം അല്ല. എന്റെ ജീവിതം ചിലവഴിക്കപ്പെടുവാൻ ആഗ്രഹിക്കുന്ന സ്ഥലം ആണിത്. നിങ്ങൾക്ക് ഇത് ഇഷ്ടം ആയില്ലേ? ആയി എന്ന് തന്നെ കരുതുന്നു. അല്ലെങ്കിൽ എന്തിനാണ് നിങ്ങൾ നടത്തം പതുക്കെ ആക്കിയത്? എന്റെ ബുദ്ധിമുട്ട് ആലോചിച്ചിട്ടാണോ? ആയിരിക്കില്ല. ആയിരുന്നെങ്കിൽ ഈ വഴിയരികിൽ ഒരല്പം എന്നോടൊപ്പം നിങ്ങൾ വിശ്രമിച്ചേനെ.

നിങ്ങളുടെ കഴിഞ്ഞ കാലത്തെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ. അത്ര മോശം വഴികൾ ആല്ല നിങ്ങൾ പിന്നിട്ടത് എന്ന് ഞാൻ ഊഹിക്കട്ടെ? അങ്ങിനെ ആണെങ്കിൽ വരാനിരിക്കുന്ന ഭാവിയെ മാത്രം സ്വപ്നം കാണുന്നതിലും നല്ലതല്ലേ കഴിഞ്ഞു പോയ കാലത്തിലേക്ക് വല്ലപ്പോഴും ഒന്ന് തിരികെ ചെല്ലുന്നത്? ഇന്നലെ നിങ്ങൾക്കുണ്ടായിരുന്ന നല്ല ദിവസങ്ങളേക്കാൾ നല്ലതാണെന്നുറപ്പുണ്ടോ നാളെ വരാൻ ഇരിക്കുന്ന ദിനങ്ങൾ? പക്ഷെ പറഞ്ഞിട്ടെന്താ? പുതിയത് വരുമ്പോൾ പഴയതിനെ മറക്കുന്നതാണ് ജീവിതം.

മുമ്പോട്ട് നടന്നില്ലെങ്കിൽ നിങ്ങൾ എവിടെ എത്തിപ്പെടും? ഭൂതകാലത്തിന്റെ തടവറയിൽ. അല്ലേ? ഒരാളും ഒരിക്കലും ചെന്നെത്താൻ പാടില്ലാത്ത ഇടം? അങ്ങിനെ അല്ലേ കേട്ടിട്ടുള്ളത്? എന്നാൽ ഒന്ന് ചോദിക്കട്ടെ?വർത്തമാന കാലം തടവറ അല്ലേ? ഭാവിയും ഒരു തടവറ മാത്രമല്ലേ? ഈ മൂന്നു തടവറകളും തമ്മിൽ പക്ഷേ ഒരു വ്യത്യാസം കാണാം. ആദ്യത്തേത് മാത്രം നമ്മുക്ക് വേണമെങ്കിൽ മതി. മറ്റു രണ്ടും സ്വീകരിച്ചേ പറ്റൂ. ആ നിലക്ക് നോക്കുമ്പോൾ ഭൂതകാലത്തിന്റെ തടവറ അല്ലെ നല്ലത്? അല്പമെങ്കിലും സ്വാതന്ത്ര്യം ഉള്ളത് അവിടെ അല്ലെ? പക്ഷേ നാം ചെയ്യുന്നതോ? ഏറ്റവും ശ്രേഷ്ഠം എന്ന് കരുതി വർത്തമാനത്തിന്റെ തടവറയെ പുൽകുന്നു. വർത്തമാനത്തിൽ ജീവിക്കുക എന്ന ഓമന പേരിൽ  സ്വന്തം ആത്മാവിനെ ചതിക്കുന്നു.

ഈ നിമിഷത്തിൽ ജീവിക്കണം പോലും! ഈ നിമിഷത്തിൽ ഒന്നും ഇല്ലെങ്കിലോ? എങ്കിൽ നാളെ നമ്മൾ ആഗ്രഹിക്കുന്ന നിമിഷങ്ങൾ സൃഷ്ടിച്ചെടുക്കണം!! നാളെ നമ്മൾ വേണം എന്ന് ആഗ്രഹിക്കുന്നത് എന്താണ്? ഇന്നിൽ നിന്നും ഒരു മാറ്റം. ആ മാറ്റം ഇന്നേ വരെ നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ഒന്നാണോ? അതോ ഇന്നലെ മാത്രം കഴിഞ്ഞു പോയതോ? ഒരടി പിറകിലേക്ക് നടക്കുന്നതാണോ ആയിരം അടി മുന്നിലേക്ക് നടക്കുന്നതാണോ നല്ലത്? ആയിരം അടികൾക്കപ്പുറം ഇന്നലെയുടെ തന്നെ പഴകിയ ഒരു ചിത്രം ആണോ ഉള്ളത്? നിങ്ങൾ ദൂരദർശിനി വെച്ച് നോക്കുക. ഭാവിയിലേക്ക്  ഉള്ള ഓരോ കാൽവെപ്പും  അനാവശ്യം ആവാതിരിക്കട്ടെ.

നമ്മൾ എപ്പോൾ ആണ് ജീവിക്കുന്നത്? ഏത് നിമിഷത്തിൽ ആണ് ജീവിതത്തെ അറിയുന്നത്? ആ നിമിഷം എന്നും നില നിൽക്കണം എന്ന ആഗ്രഹത്തെ ഒരു ജയിൽ എന്ന് വിളിക്കുന്നത് ശെരി ആണോ? നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടായികാണും അങ്ങിനെ ചില സമയങ്ങൾ. നമ്മൾ നമ്മളെ തന്നെ മറന്നു പോയ സമയങ്ങൾ. സമയം കടന്ന് പോകും. തടവറകൾ മാറിക്കൊണ്ടിരിക്കും

ഞാനും തടവറകളിൽ ആയിരുന്നു. ചിലതിൽ പെട്ടുപോയപ്പോൾ ഒരു കുട്ടിയെ പോലെ ഞാൻ പൊട്ടി കരഞ്ഞിട്ടുണ്ട്. എങ്ങിനെ എങ്കിലും ഒന്ന് രക്ഷപ്പെട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടിട്ടുണ്ട്. ഏതോ ഭാഗ്യത്തിനാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. പിന്നെ എപ്പോളോ ഇവിടെ എത്തി. ഇനി ഞാൻ എങ്ങോട്ടും ഇല്ല. നിങ്ങൾ പറയുമായിരിക്കും ഇതിനേക്കാൾ മനോഹരമായ സ്ഥലം വേറെ കാണും എന്ന്. എന്നാലും വേണ്ട. എനിക്ക് ഇവിടം ഇഷ്ടമാണ്. ഇനി എങ്ങോട്ടും ഇല്ല.

കുറെ നേരമായി ഞാൻ ശല്യപ്പെടുത്തുന്നു. അല്ലേ ? ശല്യം അല്ലാ എന്ന ഔപചാരിക മറുപടിക്ക് നന്ദി. ഇനിയും ഞാൻ മുൻപോട്ട് ഇല്ല. നിങ്ങൾ പൊക്കോളൂ. ഈ സ്ഥലം ഒന്ന് മനസ്സിൽ വെക്കുക. നിങ്ങൾ വന്നപ്പോൾ ഈ സ്ഥലത്തിന് എന്തോ മാറ്റം പോലെ. എന്നെങ്കിലും ഇവിടേക്ക് തിരിച്ച് വരണം എന്ന് നിങ്ങൾക്ക് തോന്നിയാലോ. അങ്ങിനെ നിങ്ങൾക്ക് തോന്നട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ശുഭ യാത്ര.