സ്വാഗതം ചെയ്യുക ഞങ്ങളെ വീണ്ടുമീ
പൂമര ഛായയിൽ വീശും കാറ്റേ
വിണ്ടു വരണ്ട സിമന്റു തറകളിൽ
വിണ്ട മനസ്സുകൾ രണ്ടിരിപ്പൂ

മിണ്ടുവാൻ വാക്കുകൾ കിട്ടതിരിക്കുന്ന
രണ്ടു പേർ നിന്നരികത്തിരിപ്പൂ

ഓർമ്മയുണ്ടോ നിത്യമെത്രയോ പേർ വന്നു
പോകുന്നയീ കല്പടവുകളിൽ
പണ്ടൊരു കാലമന്നാദ്യമായ് ഞങ്ങളിൽ
സൗഹൃദം നാമ്പിട്ടതോർമ്മയുണ്ടോ?

ആ സുഹൃതിന്നിതാ കൂടെയിരിക്കുന്നു
വർഷങ്ങൾ രണ്ടു കഴിഞ്ഞ ശേഷം

എല്ലാം മറന്ന ഞങ്ങൾക്കീ മരത്തിൽ നി-
ന്നോർമ്മയാം പൂക്കൾ പറിച്ചു നൽകൂ.

പൂമരച്ചില്ലയിൽ താളത്തിൽ വീശി നീ
കേട്ടു മറന്ന കഥ പറയൂ

പാടുവാനായി കഴിവുള്ളിവൾക്കായി
നീയൊരു പാട്ടു മൂളിത്തുടങ്ങൂ

കാവ്യം ചമയ്ക്കുവായ് ഞാൻ ശ്രമിച്ചിടാം
മണ്ണിൽ നീ രണ്ടു വരിയെഴുതൂ

ദീർഘ നാളത്തെയകൽച്ചയിൽ നിന്ന് നീ
ഞങ്ങൾക്കു മോചനം സാധ്യമാക്കൂ

വയ്യാത്ത ജോലികൾ ചെയ്യിക്കയാണിതെ-
ന്നാണ് നിനക്ക് തോന്നുന്നതെങ്കിൽ

മറ്റൊരു കൊമ്പിൽ പറന്നു പോകും മുൻപീ-
പൂമരകൊമ്പിലെ തേനെടുത്ത്,
വന്നു താഴെ ചുട്ടു പൊള്ളി കിടക്കുന്ന
രണ്ട് ഹൃദയങ്ങളിൽ പുരട്ടൂ