ഇത് എന്റെ അധ്യാപന ജീവിതത്തിന്റെ കഥയാണ്. ഞാൻ എന്ന അധ്യാപകൻ ഇവിടെ ജീവിക്കാൻ തുടങ്ങിയിട്ട് നാല് വർഷങ്ങൾ ആകുന്നു. എന്നാൽ നൂറു ഏക്കറിൽ പരന്നു കിടക്കുന്ന ക്യാമ്പസും പഴമയുടെ പ്രൌഡി വിളിച്ചോതുന്ന പഴക്കം ചെന്ന വലിയ കെട്ടിടങ്ങളും ഇവിടുത്തെ ക്ലാസ് മുറികളും ക്ലാസ്സ്‌ മുറിയോളം തന്നെ വീതി ഉള്ള ഇട നാഴികളും വിശാലമായ കളിസ്ഥലങ്ങളും അതിനു ചുറ്റും കാമ്പസിനെ പ്രണയിക്കാനും പരസ്പരം പ്രണയിക്കാനും വേണ്ടി കെട്ടി ഉയർത്തിയ സിമന്റ്‌ പടവുകളും എന്നെ സ്വീകരിച്ചത് നാല് വർഷങ്ങൾക്ക് മുൻപാണ്.

തൃശ്ശൂരിന്റെ പേരിനും പെരുമക്കും ഒപ്പം വളരുകയും തന്റെ പേരും പെരുമയും പിന്നീട് തൃശ്ശൂരിനു സംഭാവന നല്കുകയും ചെയ്ത കലാലയത്തിന്റെ മണ്ണിൽ നിന്നും തിരിച്ചു പോകാൻ ഒരുങ്ങവേ രണ്ട് കഥകളാണ് പറയാനുള്ളത്. ഒന്ന് എന്റെ അധ്യാപന ജീവിതത്തിന്റെ. രണ്ട് എന്റെ വിദ്യാർഥി ജീവിതത്തിന്റെ. ഇത് രണ്ടും ചേർത്ത് ഒരു പ്രണയ കഥ പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെയും എന്റെ പ്രിയപ്പെട്ട വിദ്യാർഥിനിയുടെയും കഥ. ഞങ്ങൾ ഒരേ സമയത്താണിവിടെ വന്നത്. എന്നാൽ എന്നോടോപ്പമല്ല അവൾ വന്നത്. പോകുന്നതും അങ്ങിനെ തന്നെ.

അരയ്ക്കൊപ്പം നീളമില്ലെങ്കിലും ഇടതൂർന്ന മുടിയും, പരന്ന നെറ്റിയും, നീണ്ട കണ്ണുകളും, വില്ലു പോലെ വളഞ്ഞ് മുന കൂർപ്പിച്ച പിരികങ്ങളും, പുരികങ്ങൾക്ക് മുകളിലൂടെ കവിളിലേക്ക് പാറി വീഴുന്ന മുടിയിഴകളും, ചിരിക്കുമ്പോൾ മാത്രം തെളിയുന്ന നുണക്കുഴികളും, വല്ലപ്പോഴും മാത്രം ചിരിക്കുന്ന ചുണ്ടുകളും ഇവിടം വിട്ട് പോകാൻ ഇനി അധികം ദിവസങ്ങൾ ഇല്ല. എന്നെ കവിയാക്കിയത് അവളാണ്, കഥാകാരനാക്കിയത് അവളാണ്, ചിത്രകാരനാക്കിയത് അവളാണ് എന്നൊന്നും പറയാൻ കഴിയില്ല. ഞാൻ അത് ആഗ്രഹിച്ചിരുന്നു എന്നത് സത്യം. എല്ലാ കലാകാരന്മാരെയും പോലെ ഒരു പ്രേരണയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് കഥയോ കവിതയോ എഴുതണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു. വെളുത്ത നിറവും വട്ട മുഖവും മെലിഞ്ഞ ശരീരവും ഉള്ള അവളെ എന്റെ സർഗ ശേഷിയുടെ പ്രചോദനം എന്ന് വിളിക്കണം. ഇത്രയും ആയിരുന്നു എന്റെ ആഗ്രഹം. പക്ഷെ അവൾ എന്നെ കവിയും കലാകാരനും ആക്കിയില്ല. പകരം എന്നെ വെറുമൊരു വിദ്യാർഥി മാത്രം ആക്കി മാറ്റി അവൾ ഇവിടം വിട്ടു പോകുന്നു. അവൾ എന്റെ ആരാണ്? എന്റെ അധ്യാപിക എന്ന് പറഞ്ഞ് കൂടാ. കാരണം അവൾ എന്റെ വിദ്യാർഥിനി ആണ്. അല്ല, ആയിരുന്നു. എപ്പോഴോ അങ്ങിനെ അല്ലാതായി മാറി. ഞാൻ അതറിയാൻ വൈകി. അറിഞ്ഞപ്പോൾ പറയാനും. വളരെ നാളത്തെ ആലോചനക്ക് ശേഷം ഇന്ന് ഞാൻ പറയാനാഗ്രഹിച്ചത് പറഞ്ഞു. അത് ഇത്ര വലിയ ഒരു തെറ്റാണോ?

ചെയ്തത് ഒരു തെറ്റാണെന്ന് ഞാൻ കരുതുന്നില്ല. ഒരു അധ്യാപകൻ വിദ്യാർഥിനിയോട് ഇഷ്ടം ആണ് എന്ന് പറയുന്നതിൽ എന്താണ് തെറ്റ്? അവൾ ഇഷ്ടമല്ല എന്ന് പറയും എന്ന് കരുതിയില്ല എന്നത് ശെരി തന്നെ. പക്ഷെ  ഞാൻ ചെയ്തതിൽ തെറ്റ് എന്ത്? കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞതോ? എന്തേ, ഒരു അധ്യാപകന് തന്റെ വിദ്യാർഥിനിയെ കല്യാണം കഴിച്ചു കൂടെ? പിന്നെന്തിനീ പരിഹാസം. എന്തിനീ പുച്ഛം?

എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിച്ച പോലെ. എന്റെ വിദ്യാർഥികൾ എന്നെ വെറുതെ പരിഹസിക്കുന്നതോ? എന്റെ മേൽ വന്നു വീഴുന്ന കണ്ണുകളിൽ നോക്കാതെയും ഞാൻ കേൾക്കെ ഉച്ചത്തിൽ പറയുന്ന വാക്കുകൾ ശ്രദ്ധിക്കാതെയും ആ കലാലയത്തിലെ മൈതാനത്തിനരികിൽ ഞാൻ ഇരുന്നു. കഴിഞ്ഞ നാല് വർഷങ്ങളിൽ മാറ്റമില്ലാതിരുന്ന എന്താണിന്ന് മാറി പോയത്?  സ്നേഹവും ബഹുമാനവും പരിഹാസത്തിന് വഴി മാറിയതെന്ത് കൊണ്ട്? മറ്റെന്തെങ്കിലും ദേഷ്യം ഉള്ളിൾ വെച്ചാണോ അവർ കളിയാകുന്നത്? ഞാൻ അവരോട് എന്തെങ്കിലും തെറ്റ് ചെയ്തോ? എപ്പോഴെങ്കിലും ചെയ്തിട്ടുണ്ടോ?

എത്ര ശ്രമിച്ചിട്ടും എന്റെ ദുഃഖം മാറുന്നില്ല. എന്റെ ഈ അവസ്ഥ അവരെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും അവർക്കും പൊതുവെ ദുഃഖം തന്നെ. ഞാൻ ആദ്യം ഇവിടെ അധ്യാപകനായി വന്നപ്പോളും ഈ ക്യാമ്പസ്‌ ഇതേ അവസ്ഥയിൽ തന്നെ ആയിരുന്നു. ഗൃഹാതുരത്വം മുറ്റി നില്ക്കുന്ന അവസ്ഥ. മറ്റൊരു മെയ്‌ മാസം. ഒരു അധ്യയന വർഷം കൂടി തീരാൻ പോകുന്നു. അന്നും ഇതേ ഭാവം ആയിരുന്നു ഓരോ വിദ്യാർഥിയുടെ കണ്ണുകളിലും കണ്ടിരുന്നത്. ദു:ഖം. കലാലയത്തെ പിരിയുന്ന വേദന. അവരോട് ജീവിതത്തെ പറ്റി ഉപദേശിക്കലായിരുന്നു ഞാൻ ആദ്യം ചെയ്ത പണി. മിനക്കെടില്ലാത്ത പണി. ഞാൻ സന്തുഷ്ടനായിരുന്നു. കൂടെ അതിലും സുഖമുള്ള അധ്യാപന ജോലി. ഇവിടുത്തെ ജീവിതത്തെ അങ്ങിനെ പതിയെ ഇഷ്ടപ്പെട്ടു. സുന്ദരമായ ജീവിതം. ആരും ചോദിക്കാനും പറയാനും ഇല്ല. ചുറ്റിലും സ്നേഹവും ബഹുമാനം നിറഞ്ഞു നില്ക്കുന്നു. ചെറുപ്പക്കാരായ വിദ്യാർഥി വിദ്യാർഥിനികൾ. യുവത്വം അതിന്റെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്ന ദിനങ്ങൾ. അവിടെ ഏറ്റവും സുന്ദരനായി ഞാൻ. ഏറ്റവും സന്തുഷ്ടനും ഞാൻ തന്നെ.

രണ്ട് മൂന്ന് കൊല്ലങ്ങൾ കൂടി അങ്ങിനെ കടന്നു പോയി. ഞാൻ ഈ കലാലയത്തിന്റെ ഭാഗം ആയി മാറി. കോളേജിൽ കൂടെ പഠിച്ച സുഹൃത്തുക്കൾ അവരുടെ ജീവിതത്തിലെ പൊല്ലാപ്പുകളും കഷ്ടപ്പാടുകളും പറയുമ്പോൾ അഹംകാരത്തോടു കൂടി ഓർക്കും. ഞാൻ ഇപ്പോളും സന്തുഷ്ടവാൻ. അതെല്ലവരോടും ഉറക്കെ പറയാൻ തോന്നും. പക്ഷെ അവരോടു ഒന്നും പറയേണ്ടി വരാറില്ല. ഞാൻ പറയുന്നതിനു മുൻപേ അവർ തന്നെ പറയും. “നീ ഭാഗ്യവാനാണ്. ഇപ്പോളും കോളേജിൽ!” അതെ സത്യം. ജീവിതം ഇത്ര മധുരതരം ആകും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. രാജാവാണ് ഞാൻ. ഈ കലാലയത്തിലെ കിരീടം വെക്കാത്ത ചക്രവർത്തി. കൂടെ വേറെയും രാജാക്കന്മാർ ഉണ്ട്. സഹ അധ്യാപകർ. പക്ഷെ അതൊരു പ്രശ്നമല്ല. അവരുമായി യുദ്ധം ഒന്നും ഇല്ലാത്തത് കൊണ്ടും ആവശ്യപ്പെടാതെ തന്നെ ഒരു യുദ്ധത്തിന്  ഉള്ള വക വിദ്യാർഥികൾ തന്നെ ഇടയ്ക്കിടെ ഒപ്പിച്ചു തരുന്നത് കൊണ്ടും ആ യുദ്ധങ്ങളിൽ ഒരിക്കലും അവർ ജയിക്കാത്തതു കൊണ്ടും സന്തോഷം മാത്രം. എന്നിട്ടും പിറ്റേ ദിവസം കാണുമ്പോൾ അവർ തരുന്നത് ബഹുമാനം. ഏതു ചക്രവർത്തി അനുഭവിച്ചിട്ടുണ്ടാകും ഇതൊക്കെ? അവർക്കത് ഇഷ്ടപ്പെടുന്നുണ്ടാവില്ല. എന്നാലും ബഹുമാനിക്കുന്നു. എന്നെ കുറ്റം പറഞ്ഞു കൂട. കാരണംഞാൻ വിദ്യാഥികളെ വഴക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ തെറ്റ് അവരുടെ ഭാഗത്ത് തന്നെ ആയിരുന്നു. അല്ലെങ്കിൽ പിന്നെ ഞാൻ എന്തിന് വഴക്ക് പറയണം? എന്റെ ക്ലാസ്സിൽ സമയത്തിന് വരേണ്ടേ. പരീക്ഷ പാസ് അവണ്ടേ? കോപ്പി അടിക്കാൻ ഞാൻ അനുവദിക്കണോ? ഹാജർ വിളിക്കാതെ ക്ലാസ്സ്‌ എടുക്കണോ? ഇതൊക്കെയാണോ ഞാൻ ചെയ്യാതിരിക്കേണ്ടിയിരുന്നത്?

ഞാൻ സ്വയം മാറിയതോന്നുമല്ല. എന്നെ മാറ്റിയതാണ്. ഞാൻ വന്ന അന്ന് തന്നെ എല്ലാവരും കൂടി എന്റെ പേര് വരെ മാറ്റി. എന്റെ പേരിന്റെ കൂടെ സർ എന്ന ടൈറ്റിൽ ചേർക്കപ്പെട്ടു. എന്റെ പേര് രാമചന്ദ്രൻ എന്നാണെങ്കിൽ രാമചന്ദ്രൻ സർ. ഗിരീഷ്‌ എന്നാണെങ്കിൽ ഗിരിഷ് സർ. നിഖിൽ എന്നാണെങ്കിൽ നിഖിൽ സർ. എല്ലാവരും അങ്ങിനെ വിളിച്ചു. കൂടെ ജോലി ചെയ്യുന്നവർ പോലും. ആദ്യം ഒരു അമ്പരപ്പ് ആയിരുന്നു. പിന്നെ ആനന്ദവും. അടക്കി നിർത്താനാവാത്ത ആനന്ദം. തിരക്കുള്ള കോളേജ് ബസിലും നില്ക്കാൻ പോലും ഇടമില്ലാത്ത കാന്റീനിലും ഒഴിഞ്ഞു മാറി തരുന്ന സീറ്റുകൾ. എ ടി എം കൌണ്ടറുകളിലും, തൊട്ടടുത്ത ഫോടോസ്ടാറ്റ് കടകളിലും ലഭിക്കുന്ന പരിഗണന. ഇതൊന്നും ഞാൻ ആരോടും ചോദിച്ചിട്ടല്ല. വെറുതെ തരുമ്പോൾ വേണ്ടെന്ന് പറയണമായിരുന്നോ?

അതോ ഞാൻ അറിയാതെ ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചതോ തെറ്റ്? കഴിഞ്ഞ നാല് വർഷവും അവളെ അവൾ പോയിട്ട് ഞാൻ പോലും അറിയാതെ സ്നേഹിച്ചു. ക്ലാസ്സിൽ എല്ലാവരും ഒരു പോലെ തന്നെ ആയിരുന്നു. മാർക്ക്‌ കൊടുത്തതും അങ്ങിനെ തന്നെ. എന്റെ സ്നേഹം ഞാൻ പോലും അറിഞ്ഞില്ല. അവൾ എന്നും കൂടെ ഉണ്ടായിരുന്നു. അവളും ഞാനും ഈ കോളേജിൽ ഒരുമിച്ചാണ് എത്തിയത്. അവൾ വിദ്യാർഥിനിയായും ഞാൻ അധ്യാപകാനയും അനുഭവങ്ങൾ നേടിയത് ഇവിടെ നിന്നായിരുന്നു. ഒരുമിച്ചായിരുന്നു. പക്ഷെ ഞാൻ അവളെ മറ്റേതൊരു വിദ്യാർഥിയെയും പോലെ തന്നെ ആയിരുന്നു കണ്ടത്. ഇനി അഥവാ ക്ലാസ്സ്‌ എടുത്തു കൊണ്ടിരുന്നപ്പോൾ എപ്പോഴെങ്കിലും അവളുടെ കണ്ണുകളിലേക്ക് ഒരല്പം കൂടുതൽ നോക്കിയിടുണ്ടോ? അവളെ ചെയ്ത തെറ്റുകൾക്ക് പോലും മറ്റു കുട്ടികളെ വഴക്ക് പറയുന്ന പോലെ വഴക്ക്‌ പറയാതിരുന്നിട്ടുണ്ടോ? അവളോട്‌ സംസാരിക്കുമ്പോൾ ആജ്ഞയുടെ സ്വരം മാറി അപേക്ഷയുടെ സ്വരം വന്നിട്ടുണ്ടോ? ആ. എനിക്ക് അറിയില്ല. ഇനി ഉണ്ടെങ്കിൽ തന്നെ അതൊക്കെ ഒരു തെറ്റാണോ? എന്തൊക്കെയായാലും ഞാൻ ഒരു മാർക്ക് പോലും അവൾക്ക് കൂടുതൽ കൊടുത്തിട്ടില്ല. അത്രയും എനിക്ക് ഉറപ്പാണ്.

പരിഹാസം ഇത് ആദ്യത്തെ അനുഭവം അല്ല. പക്ഷേ ബഹുമാനത്തിന്റെ കൊടുമുടിയിൽ നിന്ന് താഴൊട്ട് വീഴുമ്പോൾ. അത് ആദ്യമായിട്ടാണ്. ഔപചാരികമായ വേഷവും ഔപചാരികമായ വാക്കുകളും ഇന്ന് എനിക്ക് ആദരവ് നേടി തരുന്നില്ല. ഒരു പക്ഷെ ഇനി ഒരിക്കലും എന്റെ വേഷവും ഭാഷയും എന്നെ ആ വിഷയത്തിൽ സഹായിച്ചു എന്ന് വരില്ല. ഒരു അധ്യാപകന് വേണ്ട ഗൌരവം ഞാൻ നഷ്ടപ്പെടുത്തിയിരിക്കുന്നു. പഠിപ്പിച്ച പെണ്‍കുട്ടിയെ പ്രോപോസ് ചെയ്ത് നാണം കെട്ട എന്റെ കഥ ആയിരിക്കും ഇനി വരുന്ന വിദ്യാർഥികൾ സീനിയർസിൽ നിന്ന് ആദ്യം കേൾക്കുക. എത്ര ശ്രമിച്ചിട്ടും മറച്ചു വെക്കാൻ കഴിയാത്ത ഒരു ചിരി ആയിരിക്കും നാളെ ഞാൻ അവരുടെ മുഖത്ത് കാണുക. ബഹുമാനം എന്നെന്നേക്കുമായി പോയി കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ  ഈ കഥ എല്ലാവരും മറക്കണം. അതല്ലെങ്കിൽ ഞാൻ ഇവിടെ നിന്നും മറ്റെങ്ങോട്ടെങ്കിലും പോകണം. എന്ത് വേണം ഞാൻ? എനിക്കറിയില്ല.

കോളേജ് ബസ്‌ പുറപ്പെടാൻ കുറച്ചു സമയം കൂടിയേ ഉള്ളൂ. ഇപ്പോൾ ചെന്നില്ലെങ്കിൽ സീറ്റ്‌ കിട്ടില്ല. പുറപ്പെടുമ്പോൾ ചെന്നാലും മതി. ആരെങ്കിലും സീറ്റ്‌ തരും. പക്ഷെ, ഒതുക്കിപ്പിടിച്ച ചിരിക്കു പിറകിലെ ബഹുമാനം ഇനി വേണ്ട. നേരത്തെ ചെല്ലാം. സീറ്റ്‌ കിട്ടും. ഞാൻ നടന്ന് പോകുമ്പോൾ വിദ്യാർഥികൾ  വിദ്യാർഥികൾ എന്നെ ശ്രദ്ധിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ചെയ്യട്ടെ. ഇനി നഷ്ടപ്പെടാൻ ഒന്നും ഇല്ല. ഇന്നേ വരെ മടക്കി വെക്കാത്ത ഫുൾ സ്ലീവ് ഷർട്ട്‌ മുട്ട് വരെ മടക്കി വെച്ച് ബസിലെ പുറകിലെ സീറ്റിൽ ഇരിക്കുമ്പോൾ ചുറ്റും ആരൊക്കെയാണുള്ളത് എന്ന് നോക്കാതിരിക്കാനാവുന്നില്ല. പരിചയമുള്ള ആരും ഭാഗ്യത്തിന് ഇല്ല. ഞാൻ പഠിപ്പിക്കാത്ത വിദ്യാർഥികളാണ്. ഒരു കുട്ടി എന്നോട് ചോദിക്കാതെ എന്റെ അടുത്ത് വന്നിരുന്നു. അവൻ ചെയ്തത് തെറ്റാണോ? എന്റെ അടുത്തിരിക്കാൻ മടിച്ച് അവൻ എഴുന്നേറ്റ് നിന്ന് ബഹുമാനം കാണിക്കണോ? എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയിൽ വേണമെന്ന് തോന്നുന്നില്ല. അതോ എന്റെ അടുത്ത് ഇരിക്കാൻ അനുവാദം ചോദിക്കണോ? അതും വേണ്ട. അവനും അവന്റെ സുഹൃത്തുക്കൾക്കും എന്നെ അറിയില്ല. ഞാൻ ഇരിക്കുന്നത് വക വെക്കാതെ എന്തൊക്കെയോ പറയുന്നു. പതുക്കെ സംസാരിക്കൂ എന്ന് പറയാൻ തോന്നുന്നുണ്ടോ. ഇല്ല. തോന്നുന്നില്ല. അവർ അവരുടെ ഇഷ്ടം പോലെ സംസാരിക്കട്ടെ.

ഇന്ന് കാലത്ത് ഇവിടെ വരുമ്പോൾ ഞാൻ ഒരു അധ്യാപകൻ ആയിരുന്നു. പക്ഷെ ഈ കോളേജ് ബസ്‌ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുമ്പോൾ ഞാൻ മറ്റ് അധ്യാപകരെ പോലെ അല്ല. നാളെ അവരെ കാണുമ്പോൾ…നാളെ ഇങ്ങൊട്ട് വരണോ? ഇതൊക്കെ ഏതൊരു അധ്യാപകനും… ഇല്ല അധ്യാപകർക്ക് പറഞ്ഞിട്ടുള്ളതല്ല. ഇതൊക്ക വിദ്യാർഥികൾക്ക് പറഞ്ഞിട്ടുള്ളതാണ്.

കോളേജ് ബസ്‌ സ്റ്റാൻഡിൽ എത്താറാകുന്നു. ഞാൻ ആദ്യമായിട്ടാണ് ഒരു അധ്യാപകന്റെ ഗൌരവം വെടിഞ്ഞ് വിദ്യാർഥികളുടെ കൂടെ സഞ്ചരിക്കുന്നത്. നാളെ മുതൽ അവരിൽ ഒരാളായി ജീവിക്കണം. ജീവിച്ചേ പറ്റൂ. അല്ലെങ്കിൽ ഇവിടെ നിന്ന് പോകണം. അതേതായാലും വയ്യ. അവരുടെ കൂടെ ജീവിക്കാം. ആകാശത്ത് നിന്ന് താഴേക്കിറങ്ങി വരാം. ഭൂമിയിലെ ജീവിതം മോശം ആകില്ല എന്ന് പ്രതീക്ഷിക്കാം. ബഹുമാനമില്ലാതെ, ആദരവില്ലാതെ, ഒരു സാധാരാണ വിദ്യാർഥിയെ പോലെ. .