ചെലോലും സാരി ഞൊറിഞ്ഞുടുത്ത്
ആലോല നീല മിഴിയെഴുതി
ചൂടേറും ചായയെടുത്ത കയ്യിൽ
മോതിരം ചാർത്തി വളകൾ ചാർത്തി,
വെള്ളിമണികളരങ്ങു  തീർത്ത
പാദങ്ങൾ രണ്ടും പുറത്തു നീട്ടി
നിശ്ശബ്ദയായവൾ തന്റെ മുന്നിൽ
സന്നിഹിതരായ വ്യക്തികൾക്കായ്
ചായ പകർന്നു കൊടുത്തു മെല്ലെ
പിന്നോട്ട് മാത്രം നടന്നു കൊണ്ട്,
കാഴ്ച്ച വസ്തുക്കൾ നിരത്തി വെച്ച
ഭിത്തിയിൽ തീർത്തലമാര തന്റെ
ചാരത്ത് ചെന്നങ്ങൊരല്പ നേരം
മറ്റൊരു കാഴ്ച്ചയെപ്പോലെ നിന്നു.

കാർകൂന്തലിന്റെ കറുത്ത ശോഭ
മേനിക്കു വേണ്ട വെളുത്ത കാന്തി
ദേഹത്തിൻ പൊക്കവും കൈകൾ തന്റെ
വണ്ണവും കണ്ണുകൾ കൊണ്ടളക്കും
ബന്ധുക്കൾക്കൊത്ത നടുവിലായി
സുന്ദരഗാത്ര സുശീലനാകും
ഭാവി ഭർത്താവിനെ കാണുവാനായ്
മേല്ലെയവൾ തൻ ശിരസ്സുയർത്തി

ആവാം നിങ്ങൾ രണ്ടു പേർക്കഥവാ
ചെർന്നല്പം സംസാരം വേണമെങ്കിൽ
എന്നതു കേട്ടവൾ തന്റെയുള്ളിൽ
പൊങ്ങിത്തിരയടിക്കുന്ന ചോദ്യം
ഒന്നെങ്കിലും പുറത്തേക്കെടുക്കാ-
നുദ്യമിക്കും മുൻപേ കേട്ടു കാതിൽ

“ഒറ്റ നോട്ടത്തിലേയിഷ്ടമായി
കൂടുതൽ ചോദിക്കാനൊന്നുമില്ല.
ബന്ധുക്കൾ പണ്ടേ പരിചയിച്ചു
പിന്നിനിയെന്തിതിൽ മിണ്ടി വെക്കാൻ ?”

കല്യാണം ചെയ്യുവാൻ വന്നവന്റെ
ശങ്കാ വിഹീനമി ഘോഷണത്തെ
ബന്ധുജനങ്ങളദ്ദേഹത്തിന്റെ
അമ്മയുമച്ഛനും തന്റെ പോലും
ആമോദത്തോടെ രസിച്ചു കേട്ടു
തന്വിയവൾ മാത്രം ഖിന്നയായി

ഉണ്ടെനിക്കെന്തോ പറയുവാനെ-
ന്നെങ്ങിനെയോ അവൾ ചൊല്ലി മെല്ലെ.

പിന്നെന്തായെന്നു പറഞ്ഞെണീറ്റ
സുന്ദരനായ യുവാവിനപ്പോൾ
പ്രേമരഹസ്യക്കരിനിഴലിൽ
പാതിപ്രസാദം മറഞ്ഞു പോയി
എന്നാലവൾക്ക് പറയുവാനാ-
യുണ്ടായിരുന്നതിതൊന്നുമല്ല.
എന്തിനെന്നെയിഷ്ടപ്പെട്ടുവെന്ന്
മാത്രം ചോദിച്ചവൾ മാറി നിന്നു

“സത്യം നമ്മൾ തമ്മിൽ കാണ്മദാദ്യം
പക്ഷേ എനിക്കിഷ്ടമായി തന്നെ
ഇഷ്ടം പിന്നെ രണ്ടു പേരിലല്ല
ഇഷ്ടം കുടുംബങ്ങൾ തമ്മിലല്ലോ
ആ ഇഷ്ടം സാധിക്കയെന്നതല്ലാ
താവുമൊ നമ്മൾക്ക് വേറെയൊന്ന്? ”

“സത്യമതെങ്കിലുമൊന്നു രണ്ടു
നിസ്സാരമായ് തോന്നാവുന്ന കാര്യം
ചൊല്ലുവാനാഗ്രഹമുണ്ടെനിക്ക്
അങ്ങയെ സ്നേഹിക്കാനായി വേണ്ടി”.

നേർത്ത ശബ്ദത്തിലവൾ പതുക്കെ
പ്രാർത്ഥിച്ചു തന്നുടെ മോഹമൊക്കെ

“യാത്രകൾ ചെയ്യുവാനേറെയിഷ്ടം
സാഹിത്യം സംഗീതം നൃത്തമെല്ലാം
വേണമെനിക്കെന്റെ ജീവിതത്തിൽ
സ്വന്തമായ് ചെയ്യുന്ന ജോലിയൊപ്പം”

“എന്നെ വെറുതെ ഭയപ്പെടുത്തി-
യെന്നവൻ- ഇത്ര നിസ്സാരമായ
സംഗതി ചൊല്ലുവാനെന്തിനിത്ര
ശങ്ക? ഞാനാകെ ഭയന്നു പോയി!
ഉണ്ട് നമ്മൾ രണ്ട് പേർക്ക് സ്വന്തം
ജോലി- അതല്ലേ പ്രധാന കാര്യം?
ഞാനൊരു സർകാരിൻ സേവകൻ താൻ
എന്നുടെ ജീവിതമത്ര മാത്രം
യാത്രകൾ ജോലി തൻ ഭാഗമായി
വന്നാൽ ചെയ്തീടാമതത്ര പോരെ?
സാഹിത്യം സംഗീതം നൃത്തമൊക്കെ
നീയായിക്കോളൂ വിരോധമില്ല”.

ആശങ്കയെല്ലാമകന്നവന്ന-
ങ്ങാശ്വാസത്തോടെ പോകാനൊരുങ്ങേ
വീണ്ടും കേൾക്കുന്നിതാ തന്റെ കാതിൽ
വിങ്ങുന്ന വാക്കുകൾ ദുഃഖ പൂർണ്ണം.

“എന്നുടെ കൂടെയീ ലോകം കാണാ
നില്ലാത്ത ഭർത്താവെന്തിന്നെനിക്ക്?
പാട്ടുകൾ കേൾക്കാനും പുസ്തകങ്ങൾ
വായിക്കാനും നൃത്തം കാണുവാനും
കൂടേയൊരാളെ ഞാനാഗ്രഹിപ്പൂ.
ജോലി സ്ഥിരതയതിന്നു ശേഷം
ആശിച്ചു പോകുന്നു ഞാൻ ഭവാനെൻ
ഭാവനയ്ക്കൊത്തവനായിയെങ്കിൽ!
എന്നാൽ ഭവാനതിന്നാവകുകില്ല
എന്നോടു ദേഷ്യമരുതരുതേ”.

ഇത്ര പറഞ്ഞവൾ തന്റെ കണ്ണീ-
രൊപ്പുവാൻ വേഗമകന്നു പോയി.

എന്തിന്നിതിൽ കണ്ണുനീരുവാർക്കു-
ന്നെന്നദ്ഭുതപ്പെട്ടു കൊണ്ടവനും
തന്റെ ഗൃഹത്തിൽ തിരിച്ചു പോയി
ജാതകം വേറൊന്നെടുത്തു നോക്കി.